മാസ്‌ട്രോ എഡ്ജിന്റെ ബിഎസ്-VI പതിപ്പ് വിപണിയില്‍ എത്തിച്ച് ഹീറോ മോട്ടോകോര്‍പ്

മാസ്ട്രോ എഡ്‌ജിന്റെ ബിഎസ്-VI പതിപ്പ് വിപണിയിൽ എത്തിച്ച് ഹീറോ മോട്ടോകോർപ്. പുതിയ മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി നവീകരിച്ച പുതിയ സ്‌കൂട്ടറിന് 67,950 രൂപയാണ് എക്സ്ഷോറൂം വില. സ്‌കൂട്ടർ ഇപ്പോൾ ഒരു ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനത്തോടെയാണ് വിപണിയിൽ എത്തുന്നത്. ഇത് ഉടൻ നടപ്പിലാകാനിരിക്കുന്ന ബിഎസ്-VI മലിനീകരണ നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നു.

എഞ്ചിൻ പരിഷ്ക്കരിച്ചെങ്കിലും ബിഎസ്-VI ഹീറോ മാസ്ട്രോ എഡ്‌ജ് 125 ന് കോസ്മെറ്റിക് അല്ലെങ്കിൽ ഡിസൈൻ മാറ്റങ്ങളൊന്നും കമ്പനി നൽകിയിട്ടില്ല. യുവ ഉപഭോക്താക്കലെ ലക്ഷ്യമാക്കി എത്തുന്ന സ്‌കൂട്ടർ മൂർച്ചയുള്ളതും സ്‌പോർടിയുമായി തുടരുന്നു.

പുതിയ ബിഎസ്-VI മോഡലുകളിൽ ഫ്യുവൽ-ഫില്ലർ ക്യാപ് സിറ്റിനടിയിൽ നിന്നും ടെയിൽ ഭാഗത്തേക്ക് മാറിയിട്ടുണ്ട്. സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സൈഡ് സ്റ്റാൻഡ്, സർവ്വീസ് ഇൻഡിക്കേറ്ററുകൾ എന്നിവയും ഹീറോ സ്കൂട്ടറിൽ വാഗ്‌ദാനം ചെയ്യുന്നു. മാസ്ട്രോ എഡ്‌ജ് 125 ബിഎസ്-VI മോഡലിൽ i3s ഹീറോയുടെ സ്റ്റാർട്ട്-സ്റ്റോപ്പ് ടെക്നോളജിയും, യാത്രയ്ക്കിടെ സ്മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യാൻ അനുവദിക്കുന്ന അണ്ടർ സീറ്റ് യുഎസ്ബി പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.

9 bhp കരുത്തും 10.4 Nm torque ഉം ഉത്പാദിപ്പിക്കുന്ന ബിഎസ്-VI കംപ്ലയിന്റ് 124.6 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സ്‌കൂട്ടറിന് കരുത്തേകുന്നത്. ഇത് നിലവിലുള്ള മോഡലിൽ നൽകിയിരുന്നത് 9.1 bhp, 10.2 Nm torque എന്നിങ്ങനെയാണ്.

മാസ്ട്രോ എഡ്‌ജ് 125 മൂന്ന് വകഭേദങ്ങളിൽ ലഭ്യമാകും. അലോയ് വീലുകളും ഡ്രം ബ്രേക്കുകളുമുള്ള മോഡലിന് 67,950 രൂപയും അലോയ് വീലുകളും ഡിസ്ക് ബ്രേക്കുകളും ഉൾക്കൊള്ളുന്ന രണ്ടാമത്തെ മോഡലിന് 70,150 രൂപയുമാണ് വില. അതേസമയം അലോയ് വീലുകൾ, ഡിസ്ക് ബ്രേക്കുകൾ, അതുല്യമായ കളർ ഓപ്ഷൻ എന്നിവയുമായി വരുന്ന ഉയർന്ന പതിപ്പിന് 70,650 രൂപയുമാണ് എക്സ്ഷോറൂം വില.

ടിവിഎസ് എൻ‌ടോർഖ് 125, സുസുക്കി ആക്സസ് 125, യമഹ റേ ZR 125, ഹോണ്ട ആക്ടിവ 125 എന്നിവയാണ് പുതിയ ബിഎസ്-VI ഹീറോ മാസ്ട്രോ എഡ്‌ജ് 125 ന്റെ വിപണി എതിരാളികൾ. തങ്ങളുടെ മോട്ടോർസൈക്കിൾ ശ്രേണിയെ പുതിയ മലിനാകരണ മാനദണ്ഡത്തിന് അനുസൃതമായി പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഡെസ്റ്റിന് 125, പാഷൻ പ്രോ, ഗ്ലാമർ 125 തുടങ്ങിയ മോഡലുകളെയെല്ലാം കമ്പനി ബിഎസ്-VI ലേക്ക് നവീകരിച്ച് വിപണിയിൽ എത്തിച്ചു.

Comments are closed.