കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ തുടങ്ങുന്നതിന് മുന്‍പ് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക.

കൂടാതെ ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്കിയ തടസ്സ ഹര്‍ജികളിലും ഇന്ന് വാദം തുടങ്ങുന്നതാണ്. അതേസമയം ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകില്ല. കഴിഞ്ഞ നാലു തവണ കോടതി കേസ് പരിഗണിച്ചപ്പോഴും ബിഷപ്പ് ഹാജരായിരുന്നില്ല. എന്നാല്‍ വിടുതല്‍ ഹര്‍ജി തള്ളിയാല്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് ഫ്രാങ്കോയുടെ അഭിഭാഷകര്‍ തീരുമാനിച്ചിരിക്കുന്നത്.

കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയത്.

Comments are closed.