ബിജെപിയുടെ പത്താമത് സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ സ്ഥാനമേറ്റെടുത്തു

തിരുവനന്തപുരം: കുന്നുകുഴിയിലെ ബിജെപി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ബിജെപിയുടെ പത്താമത് സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ചുമതലയേറ്റു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി വി മുരളീധരന് പുറമെ എംഎല്‍എ ഒ രാജഗോപാലും ഏറെ കാലമായി പാര്‍ട്ടിയോട് അകന്ന് കഴിയുന്ന പിപി മുകുന്ദന്‍ അടക്കം മുതിര്‍ന്ന നേതാക്കളും എത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റെ നേതൃത്വത്തില്‍ വലിയ സ്വീകരണ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നത്.

തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് റോഡ് ഷോയുടെ അകമ്പടിയോടെയായിരുന്നു കുന്നുകുഴിയിലേക്ക് സുരേന്ദ്രനെ കൊണ്ടുപോയത്. രാവിലെ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ കെ സുരേന്ദ്രനെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകരാണ് എത്തിയത്. എന്നാല്‍ മറ്റു പരിപാടികളുള്ളതിനാല്‍ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങിനെത്തില്ലെന്ന് കുമ്മനം രാജശേഖരന്‍ നേരത്തേ തന്നെ അറിയിച്ചിരുന്നതായിട്ടാണ് വിവരം. അതേസമയം ബിജെപിയുടെ പുതുയുഗ പിറവിയെന്നായിരുന്നു കേന്ദ്ര മന്ത്രി വി മുരളീധരന്‍ വിശേഷിപ്പിച്ചത്.

Comments are closed.