ബിഹാറില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാറ്റ്‌ന: ബിഹാറിലെ ബെഗുസരായി ജില്ലയില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കിയ നിലയില്‍ സിപിഎം നേതാവ് രാജീവ് ചൗധരിയെ വീട്ടിനുള്ളില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

തളര്‍വാതം വന്ന് ചികിത്സയില്‍ സമീപത്തെ ഒരു ക്ലിനിക്കില്‍ കഴിയുന്ന ഭാര്യയുടെ അരികില്‍ നിന്നും കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വീട്ടില്‍ മടങ്ങിയെത്തിയ രാജീവ്, ആസ്ബസ്റ്റോസ് ഉപയോഗിച്ച് നിര്‍മ്മിച്ച തന്റെ മുറിക്കകത്ത് കയറി കിടന്നു. രാവിലെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കിയ നിലയില്‍ രാജീവിനെ കണ്ടെത്തുകയായിരുന്നു. മുറി തുറന്നിട്ട നിലയില്‍ ആയിരുന്നു.

ഇദ്ദേഹത്തിന്റെ പിതാവ് നാരായണ്‍ ചൗധരി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അതേസമയം ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന പൂനം ദേവിയെ ബെഗുസരായിയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. രാജീവ് ചൗധരിയെ കൊലപ്പെടുത്തിയതാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. എന്നാല്‍ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോലീസിനും വ്യക്തമല്ല.

Comments are closed.