മെലാനിയാ ട്രംപിന്റെ ഡല്‍ഹി പരിപാടിയില്‍ നിന്ന് അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയുടെയും പേരുകള്‍ ഒഴിവാക്കി കേന്ദ്രം

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കയുടെ പ്രഥമ വനിതാ മെലാനിയാ ട്രംപിന്റെ ഡല്‍ഹി പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ പേരുകളില്‍ നിന്നും നിന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും പേരുകള്‍ ഒഴിവാക്കിയിരിക്കുകയാണ് കേന്ദ്രം. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നടപ്പാക്കിയിട്ടുള്ള ‘ഹാപ്പിനെസ് കരിക്കുലം’ മനസ്സിലാക്കുന്നതിന് ദക്ഷിണ ഡല്‍ഹിയിലെ സ്‌കൂളിലാണ് മെലാനിയ ട്രംപ് സന്ദര്‍ശനം നടത്തുന്നത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മാനസീക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വേണ്ടി സ്‌കൂളുകളില്‍ ദിവസവും 40 മിനിറ്റുകള്‍ യോഗയും വിശ്രമവും പുറംപരിപാടികളും ഉള്‍പ്പെടുന്ന ഒരു പദ്ധതി രണ്ടു വര്‍ഷം മുമ്പ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് അവതരിപ്പിച്ചത്. ഒന്നു മുതല്‍ എട്ടു ക്ളാസ്സുകള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 45 മിനിറ്റാണ് ദിവസവും ഹാപ്പിനസ് ക്ളാസ്സ് നടത്തുക.

കഥ പറച്ചില്‍, വ്യായാമം, ധ്യാനം, ചോദ്യോത്തര വേള എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പ്രീ പ്രൈമറി ക്ളാസ്സുകളില്‍ ഇത് ആഴ്ചയില്‍ രണ്ട് എന്ന ക്രമത്തിലും നല്‍കുന്നു. കുട്ടികളെ ലോജിക്കലായി ചിന്തിക്കാനും ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും 20 കഥകളും 40 നവചിന്താ പദ്ധതികളുമാണ് ഇതിലുള്ളത്. ഫെബ്രുവരി 24 നും 25 നുമാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം.

Comments are closed.