എര്‍ട്ടിഗ, സിയാസ്, എസ്-ക്രോസ് തുടങ്ങിയ വലിയ മോഡലുകളിലെ എഞ്ചിനെ പരിഷ്‌ക്കരിക്കാനായി മാരുതി

ഏപ്രിൽ മുതൽ പുതിയ ബി‌എസ്‌-VI മലിനീകരണ മാനദണ്ഡം പ്രാബല്യത്തിൽ വരുന്നതോടെ ഡീസൽ എഞ്ചിനുകളോട് ഗുഡ്ബൈ പറയുമെന്ന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മറ്റ് ബ്രാൻഡുകളെല്ലാം ഇതിൽ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതോടെ മാരുതി സുസുക്കി വെട്ടിലായി.

പിന്നീട് ചെറിയ ഡീസൽ കാറുകളിൽ വാഗ്ദാനം ചെയ്തിരുന്ന എഞ്ചിനുകൾ മാത്രം പിൻവലിക്കാൻ മാരുതി തീരുമാനിച്ചു. തുടർന്ന് മാരുതി സുസുക്കി ഇന്ത്യയിലെ 1.3 ലിറ്റർ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ ഔദ്യോഗികമായി നിർത്തലാക്കുകയും ചെയ്തു.

ഇനി ഏപ്രിലിനു ശേഷം ഡീസൽ വാഹനങ്ങൾക്ക് വിപണിയിൽ നിന്ന് ലഭിക്കുന്ന പ്രതികരണം കണക്കിലെടുത്ത് എർട്ടിഗ, സിയാസ്, എസ്-ക്രോസ് തുടങ്ങിയ വലിയ മോഡലുകളിലെ എഞ്ചിനെ പരിഷ്ക്കരിക്കാനാണ് കമ്പനി ഇപ്പോൾ പദ്ധതിയിടുന്നത്.

ഇതിന് സൂചന നൽകുന്ന ബിഎസ്-VI മാരുതി എർട്ടിഗ ഡീസലിന്റെ പരീക്ഷണയോട്ടം അടുത്തിടെ നടന്നു. എർട്ടിഗയുടെ ടൂർ എം പതിപ്പിൽ ബി‌എസ്‌-VI കംപ്ലയിന്റ് ഡീസലിന്റെ പരീക്ഷണ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്വകാര്യ ഉപഭോക്താക്കൾക്കായി ഓഫർ ചെയ്യുന്നതിന് മുമ്പ് ഇന്ത്യൻ-ജാപ്പനീസ് ബ്രാൻഡ് ടാക്‌സി വിഭാഗത്തിനായി ബി‌എസ്‌-VI ഡീസൽ യൂണിറ്റ് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൈലേജ് ഒരു പ്രധാന ഘടകമായി കണക്കാക്കുന്ന ടാക്സി ഓപ്പറേറ്റർമാർക്കായി മാത്രം എർ‌ട്ടിഗ ബി‌എസ്‌-VI ഡീസൽ‌ എഞ്ചിൻ‌ വിൽ‌ക്കുന്നത് വളരെയധികം അർ‌ത്ഥമാക്കുന്നു. എർട്ടിഗ ടൂർ എമ്മിന്റെ പരീക്ഷണ മോഡൽ ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ E15A ഡീസൽ എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്.

ബിഎസ്-IV പതിപ്പിൽ ഈ യൂണിറ്റ് 94 bhp കരുത്തും 225 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ബിഎസ്-VI ഡീസൽ യൂണിറ്റുമായി എത്തുന്ന മാരുതി സുസുക്കിയുടെ ആദ്യ മോഡലാകും എർട്ടിഗ.

ഈ വർഷാവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ഇന്ത്യയിൽ ചില കാറുകളുടെ ഡീസൽ പതിപ്പുകൾ വീണ്ടും അവതരിപ്പിക്കുമെന്നാണ് മാരുതി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

കമ്പനിയുടെ നിരയിൽ ഏറ്റവും വിൽപ്പന നേടുന്ന വാഹനം കൂടിയാണിത്. എർട്ടിഗയുടെ രണ്ടാം തലമുറ ആവർത്തനത്തിൽ പ്രീമിയം അപ്പീൽ ഉയർത്തിയതോടെ മികച്ച പ്രതികരണമാണ് വിപണിയിൽ നിന്നും ലഭിച്ചത്.

ഈ ഏഴ് സീറ്റർ എംപിവി ഭാരം കുറഞ്ഞ ഹിയർ‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളവയാണെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല ഇത് വലിയ അനുപാതത്തിൽ വിശാലമായ പ്രേക്ഷകരെ ആകർഷിക്കുന്നതിനായി അകത്തും പുറത്തും നിരവധ നവീകരണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു.

ഉപഭോക്താക്കളുടെ ആവശ്യകതകൾ കണക്കിലെടുക്കുമ്പോൾ ഡീസൽ എഞ്ചിനുകൾ തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന് കമ്പനി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഇത് ഒരു പുതിയ 1.5 ലിറ്റർ യൂണിറ്റിലാകാം വിപണിയിൽ എത്തുക.

ഈ മാസം ആദ്യം മാരുതി സുസുക്കി എർട്ടിഗ എംപിവിയുടെ സിഎൻജി പതിപ്പ് പുറത്തിറക്കിയിരുന്നു. VXi വകഭേദത്തെ അടിസ്ഥാനമാക്കി എത്തുന്ന മോഡലിന് 8.95 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

മിഷൻ ഗ്രീൻ മില്യണിന്റെ ഭാഗമായി വരും വർഷങ്ങളിൽ കൂടുതൽ പരിസ്ഥിതി സൗഹൃദ കാറുകൾ പുറത്തിറക്കാനാണ് മാരുതി സുസുക്കി പദ്ധതിയിടുന്നത്. 2020 ഓട്ടോ എക്‌സ്‌പോയിൽ എസ്-പ്രെസ്സോ എസ്-സി‌എൻ‌ജിയും കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഇത് ഉടൻ തന്നെ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments are closed.