കുളത്തൂപ്പുഴയില്‍ പാതയോരത്ത് ഉപേക്ഷിച്ച നിലയില്‍ 14 വെടിയുണ്ടകള്‍ കണ്ടെത്തി

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപാലത്തിന് സമീപം ഹൈവേ നിര്‍മ്മാണത്തിനായി എടുത്തിട്ട മണ്ണിനുമുകളില്‍ നിന്ന് 14 വെടിയുണ്ടകള്‍ കണ്ടെടുത്തു. ഇന്നലെ വൈകിട്ട് മൂന്നരയോടെ മടത്തറ സ്വദേശിയായ ടിപ്പര്‍ ലോറി ജീവനക്കാന്‍ ജോഷിയാണ് പത്രക്കടലാസില്‍ പൊതിഞ്ഞ നിലയിലുള്ള കവര്‍ ആദ്യം കണ്ടത്. തുറന്ന് പരിശോധിച്ചപ്പോള്‍ വെടിയുണ്ടകളാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.

മാലപോലെ കവറില്‍ നിറച്ച 12 തിരകളും കവറില്‍ നിന്ന് വേര്‍പെട്ട നിലയില്‍ രണ്ട് തിരയുമാണ് കണ്ടെത്തിയത്. കുളത്തൂപ്പുഴ എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വെടിയുണ്ടകള്‍ സ്റ്റേഷനിലേക്ക് മാറ്റി. സായുധസേന ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണന്നാണ് കണ്ടെത്തല്‍.

അഞ്ചല്‍ വനം റേഞ്ചില്‍ ഉള്‍പ്പെട്ട പ്രദേശത്ത് കണ്ടെത്തിയ തിരകള്‍ ഉപയോഗ യോഗ്യമായവയാണോ ഏതുതരം തോക്കില്‍ ഉപയോഗിക്കുന്നതാണ് എന്നൊക്കെ കണ്ടെത്തുന്നതിന് ഫോറന്‍സിക്, മറ്റു സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങിയവരുടെ സഹായം തേടിയിരിക്കുകയാണ്. തിരകള്‍ ഇവിടെ എത്താനിടയുള്ള മാര്‍ഗങ്ങളും വഴിയരികില്‍ ഉപേക്ഷിക്കാനിടയായ സാഹചര്യം സംബന്ധിച്ചും പൊലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തുകയാണ്.

Comments are closed.