ചൈനയ്ക്ക് പുറത്ത് കൊറോണ വ്യാപിക്കുന്നത് തടയുന്നതിനുള്ള വാതിലുകള്‍ അടയുന്നു : ലോകാരോഗ്യ സംഘടന

ബീയജിംഗ്: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2363 ആയി. 79000ത്തിലധികം പേര്‍ക്ക് രോഗം പിടിപ്പെട്ടതായാണ് വിവരം. അതേസമയം ചൈനയ്ക്ക് പുറത്ത് കൊറോണ വ്യാപിക്കുന്നത് തടയുന്നതിനുള്ള വാതിലുകള്‍ അടയുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇറ്റലിയില്‍ കൊറോണ ബാധിച്ച് 2 പേര്‍ മരിച്ചു, 79 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇറ്റലിയിലെ പത്ത് നഗരങ്ങളില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണത്തിലാണ്. തുടര്‍ന്ന് 50000 ആളുകളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൊറോണ ഭീതിയില്‍ നിരവധി ക്ലബ് ഫുട്‌ബോള്‍ മത്സരങ്ങളും മാറ്റിവച്ചു. കൂടാതെ ഇസ്രായേലിലും, ലെബനനിലും ആദ്യമായി കൊറോണ സ്ഥിരീകരിച്ചു. തെക്കന്‍ കൊറിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 433 ആയി.

അതേസമയം പ്രത്യേക വിമാനം ഇറക്കാന്‍ ചൈന ഇനിയും അനുമതി നല്‍കാത്തതിനാല്‍ വുഹാനില്‍ അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം വൈകുന്നു. 647 ഇന്ത്യക്കാരെയും 7 മാലിദ്വീപുകാരെയും വുഹാനില്‍ നിന്ന് ആദ്യഘട്ടത്തില്‍ ദില്ലിയിലെത്തിച്ചിരുന്നു.

അവശേഷിക്കുന്നവരെ കൊണ്ടുവരാനായി വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം തയ്യാറാക്കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായിയെങ്കിലും ചൈന പ്രതികരിച്ചിട്ടില്ല. ചൈനക്കുള്ള മരുന്നും മെഡിക്കല്‍ സാമഗ്രികളുമായി പോകുന്ന വിമാനം തിരികെ വരുമ്പോള്‍ അവിടെ കുടങ്ങിയവരെ കൂടി കൂടെ കൊണ്ടുവരാനാണ് തീരുമാനം. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുളള പൗരന്മാരെ ഒഴിപ്പിക്കാനായി ഒട്ടേറെ വിമാനങ്ങള്‍ വരുന്നുണ്ടെന്നും അതിനാലാണ് അനുമതി വൈകുന്നതെന്നുമാണ് ചൈന പറയുന്നത്.

Comments are closed.