നിര്‍ഭയ കേസ് : വിനയ് ശര്‍മ്മയ്ക്ക് വൈദ്യ സഹായം ആവശ്യപ്പെട്ടുള്ള ഹര്‍ജി ദില്ലി പട്യാല കോടതി തള്ളി

ദില്ലി: നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ്മയ്ക്ക് വൈദ്യ സഹായം ആവശ്യപ്പെട്ടുള്ള ഹര്‍ജി ദില്ലി പട്യാല കോടതി തള്ളി. വിനയ് ശര്‍മ്മയുടെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് തിഹാര്‍ ജയിലധികൃതര്‍ സമര്‍പ്പിച്ചിരുന്നു. വിനയ് ശര്‍മ്മയുടെ പരിക്ക് ജയില്‍ഭിത്തിയില്‍ സ്വയം ഇടിച്ചതിനെത്തുടര്‍ന്നായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ ജയിലധികൃതര്‍ വ്യക്തമാക്കിയിരുന്നത്.

കൂടാതെ വിനയ് ശര്‍മ്മയ്ക്ക് മാനസിക രോഗമില്ലെന്ന പരിശോധന റിപ്പോര്‍ട്ടുകളും ജയിലധികൃതര്‍ കോടതിയില്‍ ഹാജരാക്കിയതോടെ വിനയ് ശര്‍മ്മയ്ക്ക് മാനസിക രോഗത്തിന് ചികില്‍സ ലഭ്യമാക്കണമെന്ന ഹര്‍ജിയും തള്ളുകയായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനൊപ്പം വിനയ് ശര്‍മയെ പാര്‍പ്പിച്ച ജയില്‍ മിറിയിലെ സിസിടിവി ദൃശ്യങ്ങളും ജയിലധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഇതിനിടെ വധശിക്ഷക്ക് മുന്നോടിയായി അവസാനമായി ബന്ധുക്കളെ കാണാനുള്ള അനുമതി വിനയ്ശര്‍മ്മക്കും മറ്റൊരു പ്രതി അക്ഷയ് സിംഗിനും തീഹാര്‍ ജയിലധികൃതര്‍ നല്‍കിയിരുന്നു. വധശിക്ഷ അടുത്ത മാസം മൂന്നിന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തുടര്‍ നിയമ നടപടികളെ കുറിച്ചാലോചിക്കാനായി തീഹാര്‍ ജയിലെത്തിയ അഭിഭാഷകനെ കാണാന്‍ പവന്‍ഗുപ്ത തയ്യാറായില്ല.

Comments are closed.