സൗദിയില്‍ അഫ്‌ലാജിന് സമീപം മരുഭുമിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ അഫ്‌ലാജിന് സമീപം അര്‍ഖ് അസ്അസില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരുഭുമിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു. ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അനധികൃത താമസക്കാരെ കടത്തുകയായിരുന്ന വാഹനമാണ് മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. അനധികൃത താമസക്കാരായ മൂന്ന് സ്ത്രീകളും തൊഴില്‍-ഇഖാമ നിയമലംഘകരായ ഏഴ് എത്യോപ്യക്കാരും കാര്‍ ഓടിച്ചിരുന്ന സൗദി പൗരനുമാണ് മരിച്ചതെന്നാണ് വിവരം.

മൂന്ന് സ്ത്രീകളും താനടക്കം 11 എത്യോപ്യന്‍ പൗരന്മാരും വാഹനത്തിലുണ്ടായിരുന്നെന്ന് പരിക്കുകളോടെ രക്ഷപെട്ട യുവാവ് പറഞ്ഞു. രാവിലെയാണ് 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടത്. നേരം പുലര്‍ന്ന ശേഷമാണ് വിവരമറിഞ്ഞ് അധികൃതരെത്തി ആശുപത്രിയിലേക്ക് മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് സുരക്ഷാ വകുപ്പുകളും റെഡ് ക്രസന്റും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.

Comments are closed.