കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ കേന്ദ്രമായി മാറുന്നു ദക്ഷിണ കൊറിയ

സോള്‍: കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ കേന്ദ്രമായി മാറുന്നു ദക്ഷിണ കൊറിയ. തിങ്കളാഴ്ച മാത്രം 161 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 763 ആയി. ദക്ഷിണ കൊറിയയില്‍ ഡേഗുവിലെ തെക്കന്‍ നഗരത്തിലെ മതകേന്ദ്രത്തില്‍ നിന്നാണ് വൈറസ് പടര്‍ന്നത്. ഡേഗുവിലെ തെക്കന്‍ നഗരത്തിലെ ഷിന്‍ചോഞ്ചി ചര്‍ച്ച് ഓഫ് ജീസസ്’ എന്ന മത കേന്ദ്രവുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ ഭൂരിപക്ഷവും വൈറസ് ബാധ സ്ഥിരീകരിച്ചത്.

തുടര്‍ന്ന് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്ത 129 കേസുകളും ഈ കേന്ദ്രവുമായി ബന്ധപ്പെട്ടാണെന്നും കൊറിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വൈറസ് ബാധയെ തുടര്‍ന്ന് ഏഴു മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ രണ്ട് മരണമാണ് അധികൃതര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിലയിലുള്ള ‘റെഡ് അലേര്‍ട്ട്’ ജാഗ്രത നിര്‍ദേശമാണ് പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ നല്‍കിയത്. അതേസമയം രാജ്യത്ത് കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും സ്‌കൂളുകള്‍ക്കും നല്‍കിയ അവധി ഒരാഴ്ച കൂടി സര്‍ക്കാര്‍ നീട്ടി. ചൈനയില്‍ നിന്ന് എത്തിയവരെ രണ്ടാഴ്ചത്തേയ്ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൂടാതെ ഒരു ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ സാംസങ്ങ് ഇലക്ട്രോണിക്സ് സോളിനു 200 കിലോമീറ്റര്‍ അകലെ ജുമിവിലുള്ള സ്മാര്‍ട്ട്ഫോണ്‍ പ്ലാന്റിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിയിരിക്കുകയാണ്.

Comments are closed.