അമേിക്കന്‍ പ്രസിഡന്റിന് വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പുവാന്‍ ജയ്പൂരില്‍ നിന്ന് സ്വര്‍ണ്ണത്തളികയും വെള്ളിപ്പാത്രങ്ങളും

ദില്ലി: അമേിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിക്കഴിഞ്ഞു. തുടര്‍ന്ന് ട്രംപിനെയും കുടുംബത്തെയും സ്വീകരിക്കാന്‍ വലിയ ഒരുക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഗുജറാത്തി വിഭവമായ ഖമന്‍, ബ്രൊക്കോളി-കോണ്‍ സമൂസ, മള്‍ട്ടി ഗ്രെയിന്‍ റൊട്ടി, സ്പെഷ്യല്‍ ഗുജറാത്തി ജിഞ്ചര്‍ ടീ, ഐസ് ടീ, കരിക്കിന്‍വെള്ളം എന്നിങ്ങനെ ട്രംപിനായി വൈവിധ്യമുള്ള ഭക്ഷ്യവിഭവങ്ങളും ഒരുങ്ങിക്കഴിഞ്ഞു. അതേസമയം ട്രംപിന് വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പുവാന്‍ സ്വര്‍ണ്ണത്തളികയും വെള്ളിപ്പാത്രങ്ങളും റെഡിയാണ്.

ജയ്പൂരില്‍ നിന്നാണ് സ്വര്‍ണ്ണത്തളികയും വെള്ളിപ്പാത്രങ്ങളും എത്തിച്ചിരിക്കുന്നത്. ഇവയ്ക്ക് പ്രത്യേകം പേര് തന്നെ നല്‍കിയിട്ടുമുണ്ട്. ‘ട്രംപ് കളക്ഷന്‍’ എന്ന പേരിലുള്ള ഇതിന്റെ രൂപകല്‍പ്പന അരുണ്‍ പാബുവാളാണ് നിര്‍വ്വഹിച്ചത്. മുന്‍ പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദര്‍ശിച്ച 2010, 2015 വര്‍ഷങ്ങളിലും പാബുവാള്‍ ആണ് പ്രത്യേക പാത്രങ്ങള്‍ നിര്‍മിച്ചിരുന്നത്.

ചെമ്പിലും ഓടിലും നിര്‍മ്മിക്കുന്ന പാത്രങ്ങളില്‍ സ്വര്‍ണ്ണവും വെള്ളിയും പ്രത്യേക രീതിയില്‍ വിളക്കി ചേര്‍ക്കുകയാണ് ചെയ്യുന്നത്. മൂന്നാഴ്ച്ച കൊണ്ടാണ് ട്രംപിനും കുടുംബത്തിനും ഉപയോഗിക്കുന്നതിനുള്ള പാത്രങ്ങള്‍ നിര്‍മിച്ചതെന്നും പാബുവാള്‍ പറഞ്ഞു. എന്നാല്‍ ഫോര്‍ച്യൂണ്‍ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലിലെ ഷെഫ് സുരേഷ് ഖന്നയ്ക്കാണ് ട്രംപിനും കുടുംബത്തിനുമുള്ള ഭക്ഷണം തയ്യാറാക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്.

Comments are closed.