മാധ്യമ പ്രവര്‍ത്തകനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് : പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും കുറ്റപത്രം കൈമാറി

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് ഏപ്രില്‍ 16 ലേക്ക് മാറ്റിവച്ചു. പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും കുറ്റപത്രം കൈമാറി. ഇരുവരും നേരിട്ട് ഹാജരാകാത്തതിനാല്‍ അഭിഭാഷകരാണ് കുറ്റപത്രം വാങ്ങിയത്.

അതേസമയം പ്രതികളോട് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അപകടം നടക്കുന്ന സമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണ് രണ്ടാം പ്രതി.

മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കി. തുടര്‍ന്ന് മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Comments are closed.