ബഹ്‌റൈനില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

മനാമ: ഇറാനില്‍ നിന്നെത്തിയ ബഹ്‌റൈന്‍ പൗരന് കൊറോണ ബാധയുണ്ടോ എന്ന് സംശയം നിലനിന്നിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി രോഗിയെ ഇബ്രാഹിം ഖലില്‍ കനോ മെഡിക്കല്‍ സെന്ററിലേക്ക് ഉടന്‍ മാറ്റി.

എന്നാല്‍ രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ എത്തിയവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ ഐസൊലേഷനില്‍ പ്രവേശപ്പിക്കുകയും ചെയ്യുമെന്നും വൈറസ് കൂടുതല്‍ പേരിലേക്ക് പരക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കൊറോണ ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ 14 ദിവസം നിരീക്ഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

കൊറോണ ബാധ സ്ഥിരീകരിച്ച ഏതെങ്കിലും രാജ്യം സന്ദര്‍ശിക്കുകയോ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയം തോന്നുകയോ രോഗിയുമായി അടുത്തിടപഴകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ 444 എന്ന നമ്പറില്‍ ബന്ധപ്പെടുകയും നിര്‍ദ്ദേശങ്ങല്‍ പാലിക്കുകയും വേണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Comments are closed.