പി.എസ്.സിയുടെ പേര് ദുരുപയോഗം ചെയ്യുന്ന പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കമ്മിഷന്‍ യോഗം

തിരുവനന്തപുരം: പി.എസ്.സിയുടെ പേര് ദുരുപയോഗം ചെയ്യുന്ന പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഇന്നലെ ചേര്‍ന്ന കമ്മിഷന്‍ യോഗം തീരുമാനിച്ചു. തുടര്‍ന്ന് പി.എസ്.സി. കോച്ചിംഗ് സെന്റര്‍ എന്ന പേരില്‍ പരസ്യം ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തി നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ പി.എസ്.സിയുടെ മേഖലാ, ജില്ലാ ആഫീസര്‍മാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

അതിനായി മേഖല, ജില്ലാടിസ്ഥാനത്തില്‍ പരാതികള്‍ കിട്ടുന്ന മുറയ്ക്ക് ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കൂടുതല്‍ അന്വേഷണത്തിനും നടപടിയെടുക്കുന്നതാണ്. തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങള്‍ നടത്തുന്നതും അവിടങ്ങളില്‍ പഠിപ്പിക്കുന്നതും തടയണം.

പി.എസ്.സിയുമായും ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുണ്ടെന്നും ചോദ്യക്കടലാസ് തയ്യാറാക്കുന്നവരെ പരിചയമുണ്ടെന്നും അവകാശപ്പെട്ട് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുന്ന സ്ഥാപനങ്ങളുടെ തട്ടിപ്പ് അനുവദിക്കാനാവില്ല. ഇത്തരം സ്ഥാപനങ്ങളെപ്പറ്റി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നോ അല്ലാതെയോ രേഖാമൂലം പരാതി കിട്ടിയാല്‍ നടപടിയെടുക്കാന്‍ പൊലിസിനോട് ആവശ്യപ്പെടുമെന്നും പി.എസ്.സി അധികൃതര്‍ അറിയിച്ചു.

Comments are closed.