ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള പദ്ധതിക്ക് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ആദിവാസി ദളിത് മുന്നേറ്റ സമിതി

പത്തനംതിട്ട: ചെറുവള്ളി എസ്റ്റേറ്റ് ശബരിമല വിമാനത്താവള പദ്ധതിക്ക് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിക്കുകയാണ് ആദിവാസി ദളിത് മുന്നേറ്റ സമിതി. ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള പദ്ധതിക്ക് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പത്തനംതിട്ടയില്‍ നിന്ന് തുടങ്ങിയ കാല്‍നട ജാഥ ഇന്ന് ചെറുവള്ളി എസ്റ്റേറ്റില്‍ എത്തും.

കൂടാതെ ഇന്ന് എസ്റ്റേറ്റില്‍ എത്തി കുടില്‍കെട്ടി സമരം നടത്തുമെന്നും ദളിത് മുന്നേറ്റ സമിതി അറിയിച്ചു. ട്രേഡ് യൂണിയന്‍ നേതാവും മുന്‍ എംപിയുമായ തമ്പാന്‍ തോമസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വിമാനത്താവള പദ്ധതിയുടെ മറവില്‍ ഭൂമി കച്ചവടത്തിനാണ് ശ്രമമെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി പറയുന്നു.

2264 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണ്‍സ് പ്ലാന്റേഷന്‍സ് നിയമ വിരുദ്ധമായി ബിലീവേഴ്‌സ് ചര്‍ച്ചിന് വിറ്റിരുന്നു. പിന്നീട് സര്‍ക്കാര്‍ പോക്ക് വരവ് റദ്ദു ചെയ്തു. ഈ ഭൂമിയില്‍ നിന്ന് 600 ഏക്കര്‍ കോടതിയില്‍ പണം അടച്ച് വിമാനത്താവള പദ്ധതിക്ക് ഏറ്റെടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. അതേസമയം വിവിധ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

Comments are closed.