അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പ്

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തിയിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഭാര്യ സവിതാ കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നിവര്‍ ചേര്‍ന്ന് ആചാരപരമായ വരവേല്‍പ്പ് നടത്തി. കൂടാതെ ട്രംപിനൊപ്പം ഭാര്യ മെലാനിയയും മകള്‍ ഇവാന്‍കയും ഉണ്ടായിരുന്നു. രാഷ്ട്രപതി ഭവനിലേക്ക് അശ്വാരൂഡ സേനയുടെ അകമ്പടിയോടെയാണ് ട്രംപിനെ വരവേറ്റത്.

തുടര്‍ന്ന് രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സമാധിയിലെത്തി ട്രംപും മെലാനിയയും പുഷ്പാര്‍ച്ചന നടത്തി. എന്നാല്‍ 11 മണിയോടെ ഹൈദരാബാദ് ഹൗസില്‍ എത്തുന്ന ട്രംപ് – മോഡി കൂടിക്കാഴ്ച നടക്കുന്നതാണ്. 12 മണിയോടെ ഇരു നേതാക്കളും വിവിധ കരാറുകളില്‍ ഒപ്പിടും.ഇന്നു ഔപചാരിക നയതന്ത്രചര്‍ച്ചകളുടെ തിരക്കേറിയ ദിനമാണ് ട്രംപിനും മോഡിക്കും. അമേരിക്കയില്‍നിന്നു 300 കോടി ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഇന്ന് ഒപ്പുവയ്ക്കും.

വാണിജ്യം, ഊര്‍ജം, ബൗദ്ധിക സ്വത്തവകാശം, ആഭ്യന്തരസുരക്ഷ, വ്യാപാര പ്രോത്സാഹനം തുടങ്ങിയവയില്‍ സഹകരണക്കരാറുകളിലും ധാരണാപത്രങ്ങളിലും ഇന്ന് ഒപ്പുവയ്ക്കുന്നുണ്ട്. എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന സംയുക്തപ്രഖ്യാപനമുണ്ടാകും. വൈകിട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനില്‍ അത്താഴ വിരുന്നിലും പങ്കെടുക്കും. 240 കോടി ഡോളറിന് എംഎച്ച്-60ആര്‍ സികോര്‍സ്‌കി (റോമിയോ) ഹെലികോപ്ടര്‍ 24 എണ്ണം വാങ്ങുന്നതാണ് ഇന്നത്തെ പ്രധാന ആയുധ ഇടപാട്. 93 കോടി ഡോളറിന് ആറ് എഎച്ച്-64ഇ അപ്പാച്ചെ ആക്രമണ ഹെലികോപ്ടറുകള്‍ വാങ്ങാനും മന്ത്രിസഭായോഗം അനുമതി നല്‍കി.

Comments are closed.