റെഡ്മി കെ30 പ്രോ മാര്‍ച്ചില്‍ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു

സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരുന്ന റെഡ്മി കെ30 പ്രോ മാർച്ചിൽ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചൈനയിലായിരിക്കും ഫോണിന്റെ ആദ്യ ലോഞ്ച് നടക്കുക. അടുത്ത മാസം റെഡ്മി കെ 30 പ്രോ ചൈനീസ് വിപണിയിലെത്തും. കെ 30 പ്രോ പുറത്തിറക്കുന്നതിന്റെ ഭാഗമായി കമ്പനി ഇതിനകം തന്നെ മുൻഗാമിയായ റെഡ്മി കെ 20 പ്രോയുടെ പ്രൊഡക്ഷൻ നിർത്തിയിരുന്നു.

റെഡ്മി കെ 30 പ്രോയുടെ ഔദ്യോഗിക പോസ്റ്റർ മൈക്രോബ്ലോഗിംഗ് പോർട്ടലായ വെയ്‌ബോയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്ററിൽ നിന്നും ഹാൻഡ്‌സെറ്റിന് 5 ജി സപ്പോർട്ട്, നോച്ച്-ലെസ് സ്ക്രീൻ, പോപ്പ്-അപ്പ് സെൽഫി ക്യാമറ എന്നിവ ഉണ്ടായിരിക്കുമെന്ന് വ്യക്തമാണ്. വിവോ വി 17 പ്രോയ്ക്ക് സമാനമായി ഇരട്ട പോപ്പ്-അപ്പ് സെൽഫി ക്യാമറകൾ റെഡ്മി കെ30 പ്രോയിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായികുന്നുവെങ്കിലും കമ്പനി ഇത് സ്ഥിരീകരിച്ചിട്ടില്ല.

റെഡ്മി കെ 20 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ കെ30 പ്രോയുടെ രൂപകൽപ്പനയും സവിശേഷതകളും വ്യത്യസ്തമായിരിക്കും. റെഡ്മി ചൈനയിൽ അവതരിപ്പിച്ച റെഡ്മി കെ 30 5 ജി യുടെ പിൻ പാനൽ ഡിസൈൻ കെ30 പ്രോയിലും വരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും റെഡ്മിയുടെ ഫ്ലാഗ്ഷിപ്പ് സെഗ്മന്റിന്റെ കരുത്ത് വർദ്ധിപ്പിക്കുന്ന ഫോൺ തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല.

കമ്പനി പുറത്ത് വിട്ട ചിത്രങ്ങളിൽ നിന്നും റെഡ്മി കെ 30 പ്രോയ്ക്ക് ഒരു നോച്ച് ഇല്ലെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ടോപ്പ് ബെസലും വളരെ നേർത്തതാണ്. റെഡ്മി കെ 20 പ്രോയ്ക്ക് സമാനമായ ഒരു പോപ്പ്-അപ്പ് സെൽഫി ക്യാമറ ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് ഇതിന്റെ അർത്ഥം. വിവോ വി 17 പ്രോയ്ക്ക് സമാനമായ പോപ്പ്-അപ്പ് മൊഡ്യൂളിൽ ഇരട്ട ക്യാമറകൾ നൽകുമെന്ന് റെഡ്മി കെ 30 പ്രോയുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു.

റെഡ്മി കെ 30 ഡ്യുവൽ സെൽഫി ക്യാമറകൾ നൽകിയിട്ടുള്ള സ്മാർട്ട്ഫോണാണ് അതുകൊണ്ട് തന്നെ കെ30 പ്രോയ്ക്കും ഷവോമി ഇത്തരത്തിൽ രണ്ട് സെൽഫി ക്യാമറകളെങ്കിലും നൽകിയേക്കും. പോപ്പ്-അപ്പ് ക്യാമറ മൊഡ്യൂളിന്റെ ഉപയോഗിച്ചിരിക്കുന്നതിനാൽ തന്നെ റെഡ്മി കെ 30 പ്രോയ്ക്ക് ഒലെഡ് സ്ക്രീൻ ആയിരിക്കും നൽകിയിരിക്കുക. റെഡ്മി കെ 30 5ജിയിൽ നിന്ന് വ്യത്യസ്തമായി 120 ഹെർട്സ് ഐപിഎസ് എൽസിഡി പാനൽ കെ30 പ്രോയിൽ ഉണ്ടാകും.

റെഡ്മി കെ 30 പ്രോ മാർച്ചിൽ പുറത്തിറക്കുമെന്നും ഇന്ത്യയിലെ ലോഞ്ച് പിന്നീടുള്ള തീയതിയിൽ നടക്കുമെന്നും ഔദ്യോഗിക പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ എത് ദിവസമായിരിക്കും ലോഞ്ച് എന്നകാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. റെഡ്മി കെ 30 4 ജി ഇന്ത്യയിൽ എത്തിയത് പോക്കോ എക്സ് 2 ആയിട്ടാണ്. പക്ഷേ റെഡ്മി കെ 30 പ്രോ യാതൊരു മാറ്റവുമില്ലാതെ തന്നെയായിരിക്കും ഇന്ത്യയിൽ എത്തിക്കുക. കാരണം കഴിഞ്ഞ വർഷം റെഡ്മി കെ 20 സീരീസ് ഇന്ത്യൻ വിപണിയിലെത്തുകയും വൻ ജനപ്രീതി നേടുകയും ചെയ്തിട്ടുണ്ട്.

റെഡ്മി കെ 30 പ്രോയിൽ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ പ്രധാനപ്പെട്ടത് 120 ഹെർട്സ് റിഫ്രഷ് റേറ്റും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും ഉള്ള 6.6 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് സ്‌ക്രീനാണ്. റെഡ്മി കെ 30 ന് സമാനമായി റെഡ്മി കെ 30 പ്രോയ്ക്ക് ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. പ്രൈമറി സെൻസർ 64 എംപി സോണി ഐഎംഎക്സ് 686 ലെൻസാണ്.

4700 എംഎഎച്ച് ബാറ്ററിയും 33 വാൾട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായാണ് റെഡ്മി കെ30 പ്രോ പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. 12 ജിബി വരെ റാമും 256 ജിബി വരെ യുഎഫ്എസ് 3.0 സ്റ്റോറേജും ഉള്ള ഡിവൈസ് ആയിരിക്കും ഇതെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്തായാലും റെഡ്മിയുടെ ആരാധകർ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരുന്ന സ്മാർട്ട്ഫോണാണ് ഇതെന്നകാര്യത്തിൽ സംശയമില്ല.

Comments are closed.