കിയ സോനെറ്റിന്റെ ഇന്ത്യന്‍ നിരത്തുകളിലെ പരീക്ഷണയോട്ടം തുടങ്ങി

കിയയുടെ അടുത്ത ചുവടുവെപ്പ് കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്കാണ്. വരാനിരിക്കുന്ന സോനെറ്റ് എസ്‌യുവിയുടെ കൺസെപ്റ്റ് പതിപ്പിനെ കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഈ വർഷം അവസാനത്തോടെ വാഹനത്തെ വിൽപ്പനക്കെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിന്റെ ഭാഗമായി സോനെറ്റിന്റെ ഇന്ത്യൻ നിരത്തുകളിലെ പരീക്ഷണയോട്ടം കമ്പനി നടത്തിവരികയാണ്. ഹ്യുണ്ടായി വെന്യുവിനെ അടിസ്ഥാനമാക്കി വിപണിയിലെത്തുന്ന കിയയുടെ ആദ്യത്തെ കോംപാക്‌ട് എസ്‌യുവിയാകും കിയ സോനെറ്റ്.

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ കിയ സോനെറ്റ് ഹ്യുണ്ടായി വെന്യുവിന്റെ അതേ എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ തന്നെ മുന്നോട്ടു കൊണ്ടുപോകും. ഇതിൽ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളും ഒരു ഡീസൽ യൂണിറ്റും ഉൾപ്പെടുന്നു. ഇവയെല്ലാം ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായാകും എത്തുക.

പെട്രോൾ യൂണിറ്റ് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ 83 bhp കരുത്താകും ഉത്പാദിപ്പിക്കുക. അതോടൊപ്പം ഒരു 1.0 ലിറ്റർ ടർബോചാർജ്‌ഡ് എഞ്ചിനും ഉണ്ടാകും. ഇത് 123 bhp പവറാകും സൃഷ്ടിക്കുക. സെൽറ്റോസിൽ നിന്ന് കടമെടുത്ത 1.5 ലിറ്റർ ഡീസൽ എഞ്ചിനാകും മറ്റൊരു ശ്രദ്ധാകേന്ദ്രം.

എന്നിരുന്നാലും വ്യത്യസ്‌ത പവർ ഔട്ട്പുട്ടിലാകും സോണറ്റ് എസ്‌യുവിയുടെ എഞ്ചിൻ ട്യൂൺ ചെയ്യുക. മൂന്ന് എഞ്ചിനുകളും സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിക്കും. 1.0 ലിറ്റർ ടർബോ-പെട്രോളിന് ഓപ്ഷണലായി ഓട്ടോമാറ്റിക് യൂണിറ്റും ലഭിക്കും.

സ്പൈ ചിത്രങ്ങൾ പ്രൊഡക്ഷൻ പതിപ്പ് മോഡലിന്റെ ഡിസൈൻ ഘടകങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല. എങ്കിലും കിയ മോട്ടോർസ് നിരവധി പ്രീമിയം സവിശേഷതകളും ഉപകരണങ്ങളും ഉപയോഗിച്ച് സോനെറ്റ് വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്റഗ്രേറ്റഡ് എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, ടൈഗർ-നോസ് സിഗ്‌നേച്ചർ ഗ്രിൽ എന്നിവ മുൻവശത്ത് ഇടംപിടിക്കുന്നതോടൊപ്പം എൽ‌ഇഡി ടെയിൽ ‌ലൈറ്റുകൾ, സ്റ്റൈലിഷ് ഡിസൈൻ ചെയ്ത അലോയ് വീലുകൾ, യു‌വി‌ഒ കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ എന്നിവയും വാഹനത്തിന്റെ പ്രീമിയം അപ്പീൽ വർധിപ്പിക്കും.

കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ സ്ഥാനംപിടിക്കുന്ന കിയ സോനെറ്റ് ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300 എന്നിവയുമായി മത്സരിക്കും.

ഉയർന്ന മത്സരാധിഷ്ഠിത സബ് 4 മീറ്റർ എസ്‌യുവി സെഗ്‌മെന്റിലേക്ക് സോനെറ്റ് പ്രവേശിക്കുമ്പോൾ ഏഴ് ലക്ഷം മുതൽ 11 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില. ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ കമ്പനി പ്ലാന്റിലാണ് സോനെറ്റിന്റെ ഉത്പാദനം പൂർത്തിയാക്കുന്നത്.

Comments are closed.