പൗരത്വഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭകരും നിയമ അനുകൂലികളും തമ്മിലെ ഏറ്റുമുട്ടല്‍ ; പൊലീസ് നിഷ്‌ക്രിയമാണെന്ന് ആക്ഷേപം

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭകരും നിയമ അനുകൂലികളും തമ്മില്‍ രണ്ട് ദിവസമായി നടത്തുന്ന ഏറ്റുമുട്ടല്‍ വ്യാപക അക്രമങ്ങളിലേക്കും കലാപത്തിലേക്കും എത്തുമ്പോള്‍ ഇരുമ്പ് ദണ്ഡുകളും മുളവടികളും കൊണ്ടുള്ള ആക്രമണങ്ങളും വെടിവയ്പും കല്ലേറും കടകള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ തീവയ്പും ഇന്നലെ വ്യാപകമായതോടെ മരണസംഖ്യ 13 ആയി.

തുടര്‍ന്ന് പൊലീസുകാര്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ അക്രമങ്ങളും കൊള്ളിവയ്പും തടയുന്നതില്‍ പൊലീസ് നിഷ്‌ക്രിയമാണെന്നാണ് ആക്ഷേപം. ജഫ്രാബാദ്, മൊജ്പുര്‍, ബാബര്‍പുര്‍, ചാന്ദ്ബാഗ്, ഖുറേജിഖാസ്, ഗോകുല്‍പുരി, ബജന്‍പുര, യമുനവിഹാര്‍, കബീര്‍നഗര്‍, ഹോസ്‌റാണി, ഖസൂരി ഖാസ്, കരാവല്‍ നഗര്‍, ഗാമ്രി തുടങ്ങിയയിടങ്ങളിലെല്ലാം സംഘര്‍ഷം നടക്കുകയാണ്. ജഫ്രാബാദില്‍ പള്ളി കത്തിച്ചു. മതം ചോദിച്ച് ആളുകളെ തെരഞ്ഞുപിടിച്ചാണ് ആക്രമണം.

പേരുകളും മതചിഹ്നങ്ങളും നോക്കി വാഹനങ്ങളും കടകളും കത്തിക്കുകയും തകര്‍ക്കുകയും ചെയ്തു. തോക്കുകളും കല്ലുകളും കമ്പിയും വടികളും ഹോക്കിസ്റ്റിക്കുമായി അക്രമികള്‍ തെരുവില്‍ പ്രധിഷേധിക്കുകയാണ്. കൂടാതെ ആംബുലന്‍സുകള്‍ തടഞ്ഞു. പരിക്കേറ്റ ചിലരെ ബൈക്കുകളിലും മറ്റുമായാണ് ആശുപത്രിയിലെത്തിച്ചത്.

സംഘര്‍ഷത്തിന്റെ മറവില്‍ വ്യാപകമായ കൊള്ളയും നടക്കുന്നുണ്ട്. അതേസമയം മരിച്ചവരില്‍ ഷാഹിദ് ഖാന്‍, മുഹമ്മദ് ഫുര്‍ഖാന്‍, നസീം,രാഹുല്‍ സോളങ്കി, വിനോദ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വെടിയേറ്റാണ് ഇവര്‍ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഹെഡ്‌കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് കല്ലേറില്‍ പരിക്കേറ്റല്ലെന്നും വെടിയേറ്റാണെന്നുമുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

Comments are closed.