ദില്ലിയിലെ പ്രക്ഷോഭത്തെത്തുടര്‍ന്ന് അടിയന്തരമായി അര്‍ദ്ധരാത്രി തുറന്ന് ഹര്‍ജി പരിഗണിച്ച് ദില്ലി ഹൈക്കോടതി

ദില്ലി: ദില്ലിയിലെ പ്രക്ഷോഭത്തെത്തുടര്‍ന്ന് അടിയന്തരമായി അര്‍ദ്ധരാത്രി തുറന്ന് ഹര്‍ജി പരിഗണിച്ച് ദില്ലി ഹൈക്കോടതി. കലാപങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ കിട്ടാന്‍ ഒരു വഴിയുമില്ലെന്നും, അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. രാത്രി കോടതി തുറക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍, ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്റെ വീട്ടില്‍ വച്ചാണ് കോടതി വാദം കേട്ടത്. അടിയന്തരമായി ചികിത്സ ഉറപ്പാക്കണമെന്നും, ഉച്ചയോടെ ദില്ലിയിലെ തത്സമയവിവരറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ദില്ലി പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് രാത്രി 12.30-യ്ക്ക് തുടങ്ങിയ വാദത്തിലേക്ക് ദില്ലി ജോയന്റ് കമ്മീഷണര്‍ അലോക് കുമാറിനെയും ക്രൈം ചുമതലയുള്ള ഡിസിപി രാജേഷ് ദിയോയെയും കോടതി വിളിച്ച് വരുത്തിയിരുന്നു. അതേസമയം ദില്ലിയിലെ ന്യൂ മുസ്തഫാബാദ് മേഖലയിലെ ചെറു ആശുപത്രിയായ അല്‍ഹിന്ദില്‍ നിന്ന് ജിടിബി ആശുപത്രിയിലേക്ക് പരിക്കേറ്റ ഒരു സംഘമാളുകളെ അടിയന്തരമായി മാറ്റേണ്ടതുണ്ടെന്നും, എന്നാലതിന് തടസ്സമായി കലാപകാരികള്‍ നില്‍ക്കുന്നുണ്ടെന്നും അടിയന്തരമായി വിദഗ്ധ വൈദ്യസഹായം ആവശ്യമുള്ളവരാണ് ഇവരെന്നും ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ സുരൂര്‍ മന്ദര്‍ പറഞ്ഞു.

അതേസമയം വാദത്തിനിടെ, അഭിഭാഷകന്‍ അല്‍ ഹിന്ദ് ആശുപത്രിയിലെ ഡോക്ടറോട് ജഡ്ജിക്ക് നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിയാമെന്ന് വ്യക്തമാക്കി. ഇതിനായി ഡോ. അന്‍വര്‍ എന്ന ആശുപത്രിയിലെ ഡോക്ടറെ വിളിച്ച് സ്പീക്കര്‍ ഫോണില്‍ ന്യായാധിപര്‍ സംസാരിക്കുകയും ചെയ്തു. ആശുപത്രിയില്‍ രണ്ട് പേര്‍ മരിച്ച നിലയിലാണ് എത്തിയതെന്നും, 22 പേര്‍ക്കെങ്കിലും വിദഗ്ധ അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്നും, ഡോക്ടര്‍ ജഡ്ജിക്ക് വിശദീകരിച്ചിരുന്നു.

Comments are closed.