നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരുടെ മൊഴി നാളെ രേഖപ്പെടുത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിനെതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായി മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ് ഉള്‍പ്പെടെയുള്ളവരുടെ മൊഴി നാളെ രേഖപ്പെടുത്തും. മഞ്ജു വാര്യര്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവരുടെ മൊഴി നാളെ രേഖപ്പെടുത്തും. വെള്ളിയാഴ്ച്ച ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെയും ശനിയാഴ്ച്ച സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെയും മൊഴി രേഖപ്പെടുത്തും.

അടുത്ത മാസം നാലിന് റിമി ടോമിയുടെ മൊഴിയും രേഖപ്പെടുത്തുന്നതാണ്. നടിയെ ആക്രമിച്ചതിനെതിരെ കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. എറണാകുളം സിബിഐ പ്രത്യേക കോടതിയില്‍ രഹസ്യമായാണ് മൊഴിയെടുക്കലും എതിര്‍ വിസ്താരവും നടക്കുന്നത്.

അതേസമയം ദിലീപുമായി മഞ്ജു സൗഹൃദത്തിലായി എന്ന പ്രചാരണം കേസിനെ ബാധിക്കുമോയെന്ന ആശങ്ക പ്രോസിക്യൂഷനുണ്ട്. ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടി സുഹൃത്തുക്കളോട് പറഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. കൃത്യം നടക്കുന്ന സമയത്ത് ഇവരെ പിന്തുടര്‍ന്ന ടെമ്പോ ട്രാവലര്‍ വാടകയ്ക്ക് നല്‍കിയ ആളുടെ മൊഴി ഇന്ന് രേഖപ്പെടുത്തുന്നതാണ്.

Comments are closed.