ചാത്തന്നൂർ കണ്ണേറ്റയിൽ ദമ്പതികളുടെ വീട്ടിൽ ചാത്തന്നൂർ പൊലീസിന്റെ സഹായത്തോടെ മങ്കര പൊലീസ് നടത്തിയ പരിശോധനയിൽ കള്ളനോട്ടുകളുടെ വൻ ശേഖരം കണ്ടെത്തി

ചാത്തന്നൂർ: സ്വന്തമായി നിർമിച്ച കള്ളനോട്ടുകൾ കടകളിൽ കൊടുത്തു മാറുന്നതിനിടെ പാലക്കാട് മങ്കര പൊലീസിന്റെ പിടിയിലായ ചാത്തന്നൂർ കാരംകോട് കണ്ണേറ്റ ക്ഷേത്രത്തിനു സമീപം രഞ്ജിത്ത് ഭവനിൽ രഞ്ജിത്ത്, ലിജ ദമ്പതികളുടെ കൊല്ലത്തുള്ള ചാത്തന്നൂരിലെ വീട്ടിൽനിന്നു കള്ളനോട്ടുകളുടെ വലിയ ശേഖരവും
നിർമിക്കാൻ ഉപയോഗിച്ച പ്രിന്ററും കംപ്യൂട്ടറുകളും പിടിച്ചെടുത്തു. പാലക്കാട് മങ്കര പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

ചാത്തന്നൂർ സിഐ ജസ്റ്റിൻ ജോൺ, എസ്ഐ എസ്.എസ്.സരിൻ എന്നിവരുടെ സഹായത്തോടെ പാലക്കാട് മങ്കര പൊലീസാണ് റെയ്ഡ് നടത്തിയത്. തിങ്കൾ രാവിലെ ദമ്പതികള്‍ മങ്കര പൊലീസ് സ്റ്റേഷനു സമീപത്തെ ബേക്കറിയിൽ നിന്നു മിഠായി വാങ്ങി 500 രൂപയുടെ നോട്ട് നൽകി ബാക്കി വാങ്ങി സ്കൂട്ടറിൽ മുങ്ങി. ഇവർ പോയതിനു ശേഷം പരിശോധിച്ചപ്പോഴാണു വ്യാജ നോട്ടാണെന്നു കടയുടമ തിരിച്ചറിഞ്ഞത്. തുടർന്ന് ഇവരെ പിന്തുടർന്ന കടയുടമ പലചരക്ക് കടയിൽ കയറിയ ദമ്പതികൾ സാധനങ്ങൾ വാങ്ങി 500 രൂപയുടെ കള്ളനോട്ട് വീണ്ടും നൽകിയപ്പോൾ പിടികൂടുകയായിരുന്നു.

ചോദ്യംചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെയാണു വീട്  പരിശോധിച്ചത്.ചിറക്കര തേമ്പ്ര സ്വദേശിയായ ഇവർ  9 മാസം മുൻപാണു വിവാഹിതരായത്.  4 മാസം മുൻപു കണ്ണേറ്റയിൽ വീടും പുരയിടവും വാങ്ങി താമസമായി. രഞ്ജിത്തിന്റെ മാതാവ് ഇന്നലെ രാവിലെയും വീട്ടിൽ ഉണ്ടായിരുന്നു. പൊലീസ് എത്തുമ്പോൾ വീടു പൂട്ടിയ നിലയിലായിരുന്നു.

വളരെ ചെറിയ വീട്ടിലെ കിടപ്പുമുറിയിലാണ് കള്ളനോട്ട് നിർമിക്കുന്നതിനുള്ള സംവിധാനങ്ങൾ സൂക്ഷിച്ചിരുന്നത്. പകുതി അച്ചടിച്ച നിലയിലും പൂർണമായും അച്ചടിച്ചു  മുറിച്ച നിലയിലുമാണു നോട്ടുകൾ. പ്രിന്റർ, സ്കാനര്‍ എന്നിവ ഉള്‍പ്പെടെയുള്ള കംപ്യൂട്ടർ, അച്ചടിക്കാനുള്ള പേപ്പറുകൾ, കട്ടർ തുടങ്ങിയവ കണ്ടെത്തി. 3 സീരിയൽ നമ്പറുകളിലാണ് നോട്ട് നിർമിച്ചത്. ഭാര്യയും ഭർത്താവും സ്കൂട്ടറിൽ സഞ്ചരിച്ചു നോട്ടുകൾ മാറ്റിയെടുക്കുകയാണു രീതി. ദീർഘദൂരയാത്ര പോയാൽ ഒരാഴ്ച കഴിഞ്ഞാണു മടങ്ങിയെത്തിയിരുന്നത്.

മങ്കര എസ്ഐ എൻ.കെ. പ്രകാശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഞ്ജിത്തിന്റെ മാതാവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.
ചാത്തനൂരിലുള്ള വീട്ടിൽ നിന്നും 500 രൂപയുടെ 117 നോട്ടുകളും 200 രൂപയുടെ 27 നോട്ടുകളും അടക്കം 63,900 രൂപ പിടിച്ചെടുത്തി.

രഞ്ജിത്ത് ഓൺലൈനായി സാധനങ്ങൾ വിതരണം ചെയ്യുന്ന ജോലി ചെയ്യുകയായിരുന്നു. ഭാര്യ ലിജ തയ്യൽ ജോലിക്കാരിയാണ്.  ഇവരെ റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കള്ളനോട്ടിന്റെ വിതരണ നിർമാണ ശൃംഖലയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് മങ്കട പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.