ദില്ലി പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

ദില്ലി: ദില്ലി പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് രത്തന്‍ ലാലിന്റെ സ്വദേശമായ രാജസ്ഥാനിലെ സാദിന്‍സറില്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. തുടര്‍ന്ന് റോഡ് ഉപരോധിച്ച ആള്‍ക്കൂട്ടം രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കുന്നത് വരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണുള്ളത്.

അതേസമയം രത്തന്‍ ലാലിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ഇന്നലെയെത്തിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് ദില്ലി ഗോകുല്‍പുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍ കൊല്ലപ്പെട്ടത്. ഗോകുല്‍പുരി പൊലീസ് സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ ആയിരുന്നു രത്തന്‍ലാല്‍.

എന്നാല്‍ ദില്ലി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ ഭാര്യയ്ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ കത്തയച്ചു. അദ്ദേഹം ധീരനായിരുന്നു എന്നാണ് രത്തന്‍ലാലിനെക്കുറിച്ച് അമിത് ഷാ കത്തില്‍ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം രാജ്യം മുഴുവനുമുണ്ടെന്നും ജോലിക്കിടെ മഹത്തായ ത്യാഗമാണ് അദ്ദേഹം നടത്തിയതെന്നും രത്തന്‍ ലാലിന്റെ ഭാര്യ പൂനം ദേവിക്ക് എഴുതിയ കത്തില്‍ അമിത് ഷാ വ്യക്തമാക്കി.

Comments are closed.