ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം,ഓർഡിനൻസിന് പകരം ബിൽ കൊണ്ട് വരാൻ സാധ്യത

തിരുവനന്തപുരം: ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേരും.നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിൽ ഇന്നത്തെ യോഗം തീരുമാനമെടുക്കും.തിങ്കളാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ സംസ്ഥാനത്ത് തദ്ദേശ വാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനൻസ് ഇറക്കാൻ തീരുമാനമായി.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കാനായിരുന്നു തീരുമാനം.

തദ്ദേശ വാർഡ് പുനർവിഭജനത്തിൽ സർക്കാരിൻ്റെ ഓർഡിനൻസ് ഫയൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഒപ്പിടാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ മടക്കിയിരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതി വേണമെന്ന ഗവർണറുടെ ആവശ്യം പരിഗണിച്ച് ഗവർണർ മടക്കിയ ഓർഡിനൻസ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിക്കായി അയച്ചിട്ടുണ്ട്.ഓർഡിനൻസിന് പകരം സഭ സമ്മേളനത്തിൽ ബിൽ കൊണ്ട് വരാനാണ്‌ സർക്കാരിന്റെ നീക്കം.

2019 ൽ ഗവർണർ മടക്കിയ തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസ് സർക്കാർ നിയമസഭാ സമ്മേളനം വിളിച്ച് ബില്ല് പാസാക്കുകയായിരുന്നു.അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് വാർഡ് വിഭജനം നടത്താൻ ഉദ്ദേശിച്ചാണ് സർക്കാർ പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് ഓർഡിനൻസ് ഗവർണർക്ക് അയച്ചത്. തുടർന്ന് ജൂൺ 10 ന് നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനാണ് സർക്കാർ നീക്കം. 1200 വാര്‍ഡുകൾ അധികം വരാനാണ് സാധ്യത. സംസ്ഥാനത്ത് അവസാനമായി വാര്‍ഡ് വിഭജനം നടന്നത് 2010 ലാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് 2019 ജനുവരിയിൽ വാർഡ് വിഭജനത്തിനായി ഓർഡിനൻസിറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല.