ജീപ്പ് ഗ്രാൻഡ് ചെറോക്കി: ഏറ്റവും പുതിയ പതിപ്പ് ഈ മാസം നിരത്തിലിറങ്ങും

ആഡംബര വാഹന നിർമ്മാതാക്കളായ ഗ്രാൻഡ് ചെറോക്കിയുടെ ഏറ്റവും പുതിയ പതിപ്പ് ഈ മാസം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും. ജീപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന നാലാമത്തെ ബ്രാൻഡാണ് ഗ്രാൻഡ് ചെറോക്കി. നിലവിൽ, പുതിയ പതിപ്പിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഡീലർഷിപ്പ് വഴിയും വെബ്സൈറ്റ് മുഖാന്തരവുമാണ് ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കുന്നത്.

സാങ്കേതിക വിദ്യയിലും സുരക്ഷയിലും വൻ മാറ്റങ്ങളാണ് പുതിയ പതിപ്പിൽ കമ്പനി ഉൾക്കൊള്ളിച്ചിട്ടുള്ളത്. എയറോഡയനാമിക് ബോഡി സ്റ്റൈലും പുതിയ രൂപകൽപ്പനയുമാണ് മറ്റു മോഡലുകളിൽ നിന്നും ഗ്രാൻഡ് ചെറോക്കിയെ വ്യത്യസ്ഥമാക്കുന്നത്. മറ്റുള്ള പതിപ്പിനെക്കാൾ ഇത്തവണ സുരക്ഷാ സംവിധാനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.

കൂട്ടിയിടി മുന്നറിയിപ്പ്, കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എമർജൻസി ബ്രേക്കിംഗ് സംവിധാനം, ഡ്രൈവർ മയങ്ങിയാലുള്ള മുന്നറിയിപ്പ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഡ്രൈവിംഗ് അഡ്വാൻസ്ഡ് അസിസ്റ്റന്റ് സിസ്റ്റം, ആക്ടീവ് നോയിസ് കൺട്രോൾ സിസ്റ്റം, 5 സീറ്റുകളിലും സീറ്റ് ബെൽറ്റ് ഡിറ്റക്ഷൻ സിസ്റ്റം എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.