മുത്തൂറ്റ് ഫിനാൻസ്: രണ്ടാം പാദത്തിൽ മികച്ച മുന്നേറ്റം

പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ടു. ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച പാദത്തിൽ 902 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 9 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ നേടിയിരിക്കുന്നത്. കഴിഞ്ഞ പാദത്തിലെ ലാഭം 825 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1,002 കോടി രൂപയുടെ ലാഭം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ലാഭത്തിനു പുറമേ, വായ്പാ ആസ്തിയിലും മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. വായ്പാ ആസ്തി 4 ശതമാനം വർദ്ധനവോടെ 57,230 കോടി രൂപയായാണ് ഉയർന്നത്. കൂടാതെ, സംയോജിത വായ്പാ ആസ്തി 6 ശതമാനം ഉയർന്ന് 64,356 കോടി രൂപയിലെത്തി. അതേസമയം, സംയോജിത ലാഭത്തിൽ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. ഇത്തവണ സംയോജിത ലാഭം 1,981 കോടി രൂപയിൽ നിന്ന് 1,727 കോടി രൂപയായാണ് കുറഞ്ഞത്. സ്വർണ വായ്പ 3 ശതമാനം വർദ്ധനവോടെ 56,501 കോടി രൂപയിലെത്തി. രണ്ടാം പാദത്തിൽ 24 പുതിയ ശാഖകളാണ് കമ്പനി തുറന്നത്.