ആലപ്പുഴ: പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ സർക്കാർ കണ്ടുകെട്ടിയ സ്ഥലം സ്വകാര്യ വ്യക്തി കയ്യേറി. കുപ്രസിദ്ധമായ ചാക്കോ വധക്കേസിലെ പ്രതി സുകുമാര കുറുപ്പ് വണ്ടാനം മെഡിക്കൽ കോളേജിന് സമീപത്ത് പണിത വീടിന്റെ കിഴക്കേ അതിരാണ് അയൽവാസിയായ വിമുക്തഭടൻ ആറ്റുപുറം വീട്ടിൽ ആന്റണി കയ്യേറിയത്. വാടകക്ക് നൽകിയ വീട്ടിലേക്കുളള വഴിയുടെ വീതി കൂട്ടാൻ വേണ്ടിയാണ് വഴി വെട്ടിയതെന്നാണ് ആന്റണി പറയുന്നത്.
സംഭവത്തിൽ വണ്ടാനം റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കളക്ടർക്കും അമ്പലപ്പുഴ സി ഐയ്ക്കും പരാതി നൽകി. ആന്റണിയുടെ വാടക വീട്ടിലേക്കുളള വഴിക്ക് നാലടി വീതിയാണ് ഉണ്ടായിരുന്നത്. ഇതിന്റെ വീതി കൂട്ടാനായിരുന്നു കണ്ടുകെട്ടിയ സ്ഥലത്തിന്റെ കിഴക്കേ അതിര് കയ്യേറി ലോറി കയറാനുളള പാകത്തിൽ ഗ്രാവൽ നിരത്തിയത്. 100 മീറ്റർ നീളത്തിൽ ഒരു ഭാഗം മണ്ണിട്ട് നികത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സ്ഥലത്തെ സിപിഎം പ്രവർത്തകർ കയ്യേറിയ സ്ഥലത്ത് കുറ്റിയടിച്ചു.
ഇതിൽ പ്രകോപിതനായ ആന്റണി സ്ഥലത്തിന്റെ തെക്കേ അതിരിൽ വേലിക്കല്ലുകൾ സ്ഥാപിച്ചതും കൂടുതൽ പ്രശ്നത്തിനിടയാക്കി. ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സമീപവാസികൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസെത്തി കല്ലുകൾ നീക്കിയാണ് വാഹനങ്ങൾ പുറത്തെടുത്തത്. കയ്യേറിയത് തന്റെ പേരിലുളള വസ്തുവാണെന്നാണ് ആന്റണിയുടെ വാദം. എന്നാൽ ഇത് തെളിയിക്കുന്നതിനാവശ്യമായ രേഖകൾ ആന്റണി ഹാജരാക്കിയിട്ടില്ല. സർക്കാർ കണ്ടുകെട്ടിയ സ്ഥലത്തെ ജോലികൾ പൊലീസ് വിലക്കുകയും ചെയ്തിട്ടുണ്ട്.