തൃശൂർ: അച്ഛനും അമ്മയും മരിച്ചതിനെ തുടർന്ന് സഹോദരൻ്റെ സംരക്ഷണത്തിൽ ജീവിച്ചിരുന്ന ബുദ്ധിവൈകല്യമുള്ള യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് ആർത്താറ്റ് മണ്ഡലം സെക്രട്ടറിയും ബൂത്ത് പ്രസിഡണ്ടുമായ ആർത്താറ്റ് പുളിക്കപറമ്പിൽ സുരേഷിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
സഹോദരൻ്റെ ഭാര്യ പുറത്തുപോയ സമയത്താണ് സുരേഷ് വീട്ടിൽ കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.യുവതിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതോടെ സഹോദരൻ്റെ ഭാര്യ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ലൈംഗികാതിക്രമം നടന്നതായി അറിഞ്ഞത്.
വീട്ടുകാർ നൽകിയ പരാതിയിലാണ് സുരേഷിനെതിരെ പോലീസ് കേസെടുത്തത്. പെൺകുട്ടിയെ കുന്നംകുളം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.പോലീസ് കേസെടുത്തെന്നതറിഞ്ഞതോടെ ഏറെ കാലമായി ഒളിവിലായിരുന്ന പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്കോഡംഗങ്ങൾ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.