നടൻ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് ഇഡി

ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അടുത്തിടെ ഇറങ്ങിയ ലൈഗർ സിനിമയുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്തത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ടാണ് അവസാനിച്ചത്. തെലുങ്ക് നടനായ വിജയ് ദേവരകൊണ്ടയുടെ ആദ്യ ഹിന്ദി ചിത്രമാണ് ലൈഗർ. ചിത്രത്തിനായി 100 കോടി രൂപയാണ് നിർമ്മാതാക്കൾ മുടക്കിയത്.

അമേരിക്കൻ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൻ അഭിനയിച്ച ഈ ചിത്രം തീയറ്ററുകളിൽ വലിയ പരാജയമാണ് നേരിട്ടത്. നേരത്തെ, സിനിമയുടെ പ്രൊഡ്യൂസർമാരായ ചാർമി കൗറിനെയും പുരി ജഗനാഥിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. സിനിമയുമായി ബന്ധപ്പെട്ട രാജ്യാന്തര ഇടപാടുകളിലെ ക്രമക്കേട് സംബന്ധിച്ചാണ് ചോദ്യം ചെയ്തത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടെന്നാണ് അധികൃതക്കാരുടെ വിലയിരുത്തല്‍. ചിത്രവുമായി ബന്ധപ്പെട്ടു നേരത്തെ ഇഡിക്കു പരാതി ലഭിച്ചതായാണ് റിപ്പോർട്ട്.