അഭിനയ മോഹം മുതലെടുത്ത് പെൺകുട്ടികളെ വെച്ച് പെൺവാണിഭം: മലയാളി യുവാവ് ചെന്നൈയിൽ അറസ്റ്റിൽ

ചെന്നൈ: പെൺവാണിഭം നടത്തിയിരുന്ന മലയാളി യുവാവ് ചെന്നൈയിൽ അറസ്റ്റിൽ. തൃശ്ശൂർ മൂരിയാട് സ്വദേശി കെ. കിരണാണ്(29) അറസ്റ്റിലായത്. സിനിമയിലും സീരിയലിലും അഭിനയിക്കാൻ അവസരവും മറ്റ് ജോലികളും വാഗ്ദാനംചെയ്താണ് ഇയാൾ യുവതികളെ പെൺവാണിഭത്തിന് ഉപയോഗിച്ചിരുന്നത്.

അണ്ണാനഗറിലുള്ള അപ്പാർട്ട്മെന്റിൽ ചെന്നൈ സിറ്റി പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ഇവിടെനിന്ന് രണ്ടുയുവതികളെ രക്ഷപ്പെടുത്തി. റെയ്ഡിനിടെ രക്ഷപ്പെട്ട കിരണിന്റെ കൂട്ടാളിക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.

ജോലിയുടെപേരിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ യുവതികളെ ചെന്നൈയിലെത്തിച്ച് ഭീഷണിപ്പെടുത്തി പെൺവാണിഭത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ കിരണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.