ബ്രിട്ടനിലെ മലയാളി നഴ്‌സിന്റെയും മക്കളുടെയും മരണം കൊലപാതകം,പോലീസ്

ലണ്ടന്‍: ബ്രിട്ടനില്‍ കെറ്ററിംഗില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മലയാളി നഴ്‌സ്‌ അഞ്ജുവിന്റേയും ആറു വയസുള്ള മകന്റേയും നാലു വയസുകാരി മകളുടെയും മരണം കൊലപാതകമെന്ന് പോലീസ്. കോട്ടയം വൈക്കം കുലശേഖരമംഗലം സ്വദേശി അഞ്ജുവിനെ ഭര്‍ത്താവ് സാജു കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുകെയില്‍ നഴ്‌സായി ജോലിചെയ്യുന്ന കോട്ടയം വൈക്കം സ്വദേശിനി അഞ്ജു, മക്കളായ ജാന്‍വി, ജീവ എന്നിവരാണ് കൊല്ലപ്പെട്ടത്.

അഞ്ജുവിന്‍റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പൻപാറ സ്വദേശി ചെലേവാലന്‍ സാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെ വന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഈ ദാരുണ സംഭവം പുറത്തറിയുന്നത്.

മകള്‍ ഏറെ നാളായി വിഷാദത്തിലായിരുന്നു. വീട്ടിലേക്ക് വീഡിയോ കോള്‍ വിളിക്കുമ്പോഴൊക്കെ ദുഃഖത്തിലായിരുന്നു.മാസങ്ങളായി അഞ്ജു നാട്ടിലേക്ക് പണമയച്ചിരുന്നില്ല.അഞ്ജുവിന്റെ ഭര്‍ത്താവ് സാജു ജോലിയില്ലാത്ത വിഷമത്തിലായിരുന്നു.ചെറിയ കാര്യത്തിന് പോലും ദേഷ്യപ്പെടുന്ന പ്രകൃതക്കാരനായിരുന്നു.എന്നാല്‍ ഇവര്‍ക്കിടയില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും അഞ്ജുവിന്റെ അച്ഛൻ പറഞ്ഞു.

കോട്ടയം മറവന്‍തുരുത്തിനടുത്ത് കുലശേഖരപുരം സ്വദേശിനിയായ അഞ്ജുവിനെ ഇംഗ്ലണ്ടിലെ നോര്‍ത്താംപ്ടണ്‍ഷയര്‍ കെറ്ററിംഗിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത് ചോരയില്‍ കുളിച്ച്‌ കിടന്നിരുന്ന മക്കള്‍ക്ക് അപ്പോഴും ജീവനുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.സംഭവത്തിന് ശേഷം ഒളിവില്‍ പോയ സാജുവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

യുകെയില്‍ സര്‍ക്കാര്‍ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു. സാജുവിന് ഹോട്ടലില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ് ഉണ്ടായിരുന്നത്. ഇവർ യുകെയിൽ ഒരു വര്‍ഷം മുൻപാണ് എത്തിയത്. സാജുവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.