ഗുജറാത്ത് ബലൂച് : പ്രണയത്തിന് 13 വയസുള്ള മകൻ തടസ്സം നില്ക്കുന്നു എന്ന് തോന്നിയ അമ്മയും കാമുകനും ചേർന്ന് മകനെ കൊലപ്പെടുത്തി. അമ്മയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു.ഗുജറാത്തിലെ ബറൂച്ചിലാണ് സംഭവം.കേസില്‍ മമ്‌താ ദേവി യാദവ്, കാമുകൻ ഭഗവത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
താനും മമ്‌താ ദേവിയും കഴിഞ്ഞ 8 വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ യുവതിയുടെ മകനും ഭർത്താവ് സത്യപ്രകാശും തടസമായ സാഹചര്യത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നും യുവതിയുടെ കാമുകൻ ഭഗവത് സിംഗ് പോലീസിനോട് വിവരിച്ചു.ആദ്യം മകനെയും പിന്നീട് ഭർത്താവ് സത്യപ്രകാശിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി സിംഗ് പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
കൊല നടത്തി മൃതദേഹം ഉപേക്ഷിച്ചശേഷം മകനെ കാണാനില്ലെന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി.ഭർത്താവിനെ കുടുക്കാനായി അവസാനമായി മകനെ പിതാവിനൊപ്പം സൈക്കിളില്‍ പോകുന്നതാണ് കണ്ടത് എന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.പോലീസ് തിരച്ചില്‍ ആരംഭിച്ച് ദിവസങ്ങള്‍ക്കുശേഷം ജലാശയത്തിന് സമീപത്തുനിന്ന് അഴുകിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും കഴുത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും റിപ്പോർട്ട് വന്നതോടെയാണ് കഥയുടെ ചുരുള്‍ അഴിഞ്ഞത്.പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതിയും കാമുകനും കുറ്റം സമ്മതിയ്ക്കുകയായിരുന്നു