പാന്‍ ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ചിത്രം ‘ഹനുമാന്‍’: ടീസര്‍ നവംബര്‍ 15 ന്

പ്രശസ്ത തെലുങ്ക് സംവിധായകന്‍ പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഹനുമാന്റെ ടീസര്‍ നവംബര്‍ 15 ന് പുറത്തിറങ്ങും. കല്‍ക്കി, സോംബി, റെഡ്ഡി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണ് പ്രശാന്ത് വര്‍മ്മ.

ആദ്യത്തെ പാന്‍ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമ എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് സംവിധായകന്‍ തന്നെയാണ്. തേജ സജ്ജ നായകനായി എത്തുന്ന ചിത്രത്തില്‍ അമൃത അയ്യരാണ് നായികയായി എത്തുന്നത്.

വരലക്ഷ്മി ശരത്കുമാര്‍, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ശിവേന്ദ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പ്രൈംഷോ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കെ നിരഞ്‍ജന്‍ റെഡ്ഡിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.