ഇവർ അഡ്ജസ്റ്റ് ചെയ്യണം എന്ന് നമ്മളോട് പറയുമ്പോൾ ആദ്യം മനസിലാവില്ല: ശ്രീനിധി മേനോൻ

തമിഴ് സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെ കുറച്ച് വെളിപ്പെടുത്തി നടി ശ്രീനിധി മേനോൻ. ഇവർ അഡ്ജസ്റ്റ് ചെയ്യണം എന്ന് നമ്മളോട് പറയുമ്പോൾ ആദ്യം മനസിലാവില്ലെന്നും ചാൻസ് ലഭിക്കണമെങ്കിൽ ഇവിടെ ഇങ്ങനെയൊക്കെയാണെന്നും ശ്രീനിധി പറയുന്നു. തുടക്കക്കാരാണെങ്കിൽ ഇങ്ങനെയല്ലാതെ ചാൻസ് ലഭിക്കില്ലെന്നാണ് ഇവരുടെ നിലപാടെന്ന് താരം കൂട്ടിച്ചേർത്തു.

‘ഇവർ അഡ്ജസ്റ്റ് ചെയ്യണം എന്ന് നമ്മളോട് പറയുമ്പോൾ ആദ്യം മനസിലാവില്ല. സത്യത്തിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ അഡ്ജസ്റ്റ് ചെയ്യാമെന്നായിരുന്നു ഞാൻ പറഞ്ഞത്. അപ്പോൾ അങ്ങനെയല്ലെന്ന് പറയും. വളരെ നല്ല രീതിയിലാണ് അവർ സംസാരിക്കുക. സർ അതിൽ താൽപര്യമില്ലെന്ന് പറയും. ആദ്യമേ നമ്മൾക്കത് വേണ്ട എന്നാണെങ്കിൽ അത്തരം അവസരങ്ങൾ നിരസിക്കണം. അല്ലെങ്കിൽ പിന്നീട് നമ്മൾക്ക് മോശമായ പേര് വരും’.

‘തുടക്കക്കാരാണെങ്കിൽ ഇങ്ങനെയല്ലാതെ ചാൻസ് ലഭിക്കില്ലെന്ന് അവർ പറയും. പക്ഷെ നമ്മൾ അധ്വാനിക്കണം. ഈ ജോലി ലഭിച്ചില്ലെങ്കിൽ വേറെ ഒരു ജോലി ലഭിക്കും. കൈയും കാലുമില്ലേ. നമ്മൾ അധ്വാനിച്ച് ഒരു നിലയിലെത്തിയാൽ ഇതേ ആളുകൾ തന്നെ ഞാനാണ് അവളെ ഈ പ്രശസ്തിയിലെത്തിച്ചതെന്ന് പറയും’.

‘ശ്രീനിധിയെ ഈ ഇൻഡസ്ട്രിയിലേക്ക് കൊണ്ട് വന്ന് പ്രശസ്തയാക്കിയത് ഞാനാണെന്ന് ഒരാൾ പറഞ്ഞു. അവരെ നിനക്ക് അറിയുമോ എന്ന് സുഹൃത്തുക്കൾ ചോദിച്ചു. എനിക്കറിയാം എന്ന് ഞാൻ പറഞ്ഞു. ആദ്യം എനിക്ക് കുറച്ച് പ്രൊജക്ടുകൾ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു, അത് അന്ന് ഞാൻ നിരസിച്ചു. ഇപ്പോൾ അവർ പറയുന്നത് അവരാണ് എന്നെ പ്രശസ്തിയിലേക്ക് കൊണ്ടു വന്നതെന്നാണ്. നയൻതാരയെയും സമാന്തയെയും ഇൻഡ്‌സ്ട്രിയിലേക്ക് കൊണ്ടു വന്നത് ഞാനാണെന്നും ഇവർ പറയും’ ശ്രീനിധി പറഞ്ഞു.