അതിതീവ്രമഴ; ജാഗ്രതരായിരിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞന്‍

ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ മുതിർന്ന ശാസ്ത്രജ്ഞൻ ആർ.ജെ ജനമണി പറഞ്ഞു. 2018 ലെ സമാനസ്ഥിതിയല്ലെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത 72 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് വ്യാപകവും അതിതീവ്രവുമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളം, കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം വളരെ സജീവമാണ്. വിവിധ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് നാല് വരെ 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.