പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജന്മദിനത്തിൽ 22 ദശലക്ഷം ആളുകൾക്ക് പ്രയോജനം ചെയ്യുന്ന ദേശീയ ലോജിസ്റ്റിക്സ് നയം അവതരിപ്പിക്കും. ഇന്ത്യയിലുടനീളമുള്ള തടസ്സങ്ങളില്ലാത്ത ചരക്ക് നീക്കത്തെ പ്രോത്സാഹിപ്പിക്കാനാണ് നയം ലക്ഷ്യമിടുന്നതെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
2020 ൽ ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിലാണ് നയം ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയിലെ ഉയർന്ന ലോജിസ്റ്റിക് ചെലവുകൾ ആഗോള വിപണിയിലെ ആഭ്യന്തര ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത കുറയ്ക്കുന്നുവെന്നു വിദഗ്ദർ പറയുന്നു. പ്രോസസ് റീ-എൻജിനീയറിംഗ്, ഡിജിറ്റൈസേഷൻ, മൾട്ടി മോഡൽ ട്രാൻസ്പോർട്ട് തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാകും നയം രൂപീകരിക്കുക.
2018ലെ ലോകബാങ്ക് ലോജിസ്റ്റിക്സ് സൂചിക പ്രകാരം, ലോജിസ്റ്റിക്സ് ചെലവിൽ യഥാക്രമം 14-ഉം 26-ഉം സ്ഥാനത്തുള്ള അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ 44–ആം സ്ഥാനത്താണ്.
റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നതും റെയിൽവേ, കടൽ ശൃംഖലകളുടെ ഉപയോഗക്കുറവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവയും കൊവിഡ്-19 വ്യാപനവും ഇന്ത്യയിൽ ലോജിസ്റ്റിക്സിന്റെ ചെലവ് കുതിച്ചുയരാൻ ഇടയാക്കിയതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.