പേരക്കുട്ടിയുടെ വിവാഹം കൂടാനെത്തിയ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: പേരക്കുട്ടിയുടെ വിവാഹം കൂടാനെത്തിയ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴവത്ത് വളപ്പിൽ നാരായണികുട്ടി എന്ന ബേബി (70)യേയാണ് കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

വെള്ളിയാഴ്ച്ച ഉച്ചയോടെ ചങ്ങരംകുളം ചിറവല്ലൂർ പടിഞ്ഞാറ്റ് മുറിയിലാണ് സംഭവം. മൂത്ത മകൾ സതീദേവിയുടെ വീട്ടിലെ കിണറ്റിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. സതീദേവിയുടെ മകളുടെ കല്യാണത്തിന് വന്നതായിരുന്നു ബേബി. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കിണറ്റിൽ വീണത്.

നഴ്‌സറി ടീച്ചറായ സതീദേവി നഴ്‌സറിയിലേക്കും, ബേബിയുടെ ഭർത്താവ് രാധാകൃഷ്ണൻ അമ്പലത്തിലേക്കും പോയിരുന്നു. രാധാകൃഷ്ണൻ തിരിച്ച് വീട്ടിൽ എത്തിയ സമയത്ത് ബേബിയെ കാണാനില്ലെന്ന് കണ്ട് തിരച്ചിൽ നടത്തിയപ്പോളാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.

ഉടൻ പെരുമ്പടപ്പ് പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന്, പൊന്നാനി ഫയർഫോഴ്‌സും, പൊലീസും നാട്ടുകാരും ചേർന്ന് കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പെരുമ്പടപ്പ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ നേതൃത്വം നൽകി. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.