ഗുജറാത്തിൽ ആം ആദ്മി ഒരു ഭീഷണിയേയല്ല ! ബിജെപിയുടെ തേരോട്ടമെന്ന് അഭിപ്രായ സർവേ ഫലങ്ങൾ

അഹമ്മദാബാദ്: ​ഗുജറാത്തിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെന്ന് അഭിപ്രായ സർവേ ഫലങ്ങൾ. ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് പുറത്തുവന്ന രണ്ട് അഭിപ്രായ സർവേ ഫലങ്ങളും വ്യക്തമാക്കുന്നത്. എബിപി സി വോട്ടർ, ഇന്ത്യ ടി വി അഭിപ്രായ സർവെ ഫലങ്ങൾ അനുസരിച്ച് ​ഗുജറാത്തിൽ ബിജെപി നേടുക വൻ വിജയമാണ്.

എബിപി സി വോട്ടർ അഭിപ്രായ സർവേയിൽ 182 സീറ്റിൽ ബിജെപി 131 മുതൽ 139 വരെ സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് പ്രവചിക്കുന്നു. കോൺഗ്രസ് 31 മുതൽ 39 സീറ്റുകൾ വരെ നേടുമ്പോൾ ആം ആദ്മി പാർട്ടി ഏഴ് മുതൽ 15 വരെ സീറ്റുകൾ നേടുമെന്ന് സർവേ പറയുന്നു.

ഇന്ത്യ ടി വിയുടെ അഭിപ്രായ സർവ്വെയിൽ ബിജെപി 119 സീറ്റുകൾ നേടുമ്പോൾ കോൺഗ്രസിന് 59 സീറ്റുകളാണ് പ്രവചിക്കുന്നത്. ആം ആദ്മി പാർട്ടി മൂന്ന് സീറ്റുകൾ നേടുമ്പോൾ മറ്റുള്ളവർക്ക് ഒരു സീറ്റ് കിട്ടുമെന്നും സർവേ പറയുന്നു. അതേസമയം തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആം ആദ്മി ദേശീയ ജോയിന്റ് സെക്രട്ടറി ഇന്ദ്രനീൽ രാജ്ഗുരു കോൺഗ്രസിൽ ചേർന്നത് എഎപിക്ക് തിരിച്ചടിയായി. കോൺഗ്രസിന്റെ 43 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു.