ഇത്രയും സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയം നർമ്മത്തിൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിഞ്ഞതിൽ ജയ ജയ ജയ ജയഹേയുടെ സംവിധായകനും താരങ്ങളും അണിയറ പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നുവെന്ന് തന്റെ ഫേസ് ബൂക്കിലൂടെ ശൈലജ ടീച്ചർ.
കുടുംബത്തിലുണ്ടാകുന്ന പെൺകുട്ടികളുടെ പ്രശ്നങ്ങൾക്കൊപ്പം ആൺ കുട്ടികൾ അനുഭവിക്കുന്ന പലതരത്തിലുള്ള അസ്വസ്ഥതകളും ചിത്രം വരച്ചു കാട്ടുന്നു.കേരളീയ സമൂഹത്തിൽ നടക്കുന്ന ഗാർഹീക പീഡനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളുമെല്ലാം ലിംഗ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ വ്യവസ്ഥിതിയുടെ സൃഷ്ടിയാണെന്നും പതറിപ്പോവുകയും ഭയപ്പെടുകയും ചെയ്യുന്ന ചിലപ്പോൾ പ്രതികാര മനോഭാവം കാണിക്കുന്ന യുവാക്കളുടെ ചിത്രം ശരിയായി പകർത്തിക്കാട്ടാൻ ബേസിലിനു കഴിഞ്ഞുവെന്നും ശൈലജ ടീച്ചർ പറഞ്ഞു.
കടുത്ത അന്ധവിശ്വാസങ്ങളും ആഭിചാര പ്രക്രിയകളും പ്രചരിപ്പിക്കുന്ന സിനിമകൾ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. സ്ത്രീകൾക്കെതിരെ ദ്വയാർഥ പ്രയോഗങ്ങൾ നടത്തുമ്പോൾ തിയേറ്ററിൽ നിന്നും കയ്യടികളുയരുന്നത് അസ്വസ്ഥതയോടെ കാണേണ്ടി വന്നിട്ടുണ്ട്.സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട ബാല്യ കൗമാരങ്ങൾ യൗവ്വനത്തിലേക്ക് പ്രവേശിക്കുമ്പോൾ അപകർഷതാ ബോധം മറച്ചുവെക്കാൻ സ്വയം സൃഷ്ടിച്ചെടുക്കുന്ന കപട ധീരതയുടെ പ്രതിഫലനമാണ് സ്ത്രീകളോടുള്ള പരിഹാസവും അതിക്രമവുമൊക്കെയായി രൂപപ്പെടുന്നത്.
ഈ വൈകല്യങ്ങൾക്കിടയിലാണ് കുടുംബ സമേതം കാണാനും ആസ്വദിക്കാനും ആശയങ്ങൾ ശരിയാംവണ്ണം ഉൾകൊള്ളാനും കഴിയുന്ന രീതിയിൽ ഒരു നല്ല സിനിമ ഒരുക്കിയിരിക്കുന്നത്.ഇത്തരം ഒരു നല്ല സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് സംവിധായകൻ വിപിൻ ദാസിനും ബേസിലിനും ദർശനയ്ക്കും അഭിന്ദനങ്ങൾ . ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.