ഗുജറാത്തിൽ മകന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസിലേക്ക്

അഹമ്മദാബാദ്: മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർ സിംഗ് വഗേല ഇന്ന്‌ കോണ്‍ഗ്രസില്‍ ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ സാന്നിധ്യത്തിലായിരിക്കും പാർട്ടി പ്രവേശം. മുതിർന്ന നേതാവായ വഗേല 2017 ലായിരുന്നു കോൺഗ്രസിൽ നിന്നും രാജിവെച്ചത്.

വഗേല കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ നേരത്തേ തന്നെ ഉയർന്നിരുന്നു. കഴിഞ്ഞാഴ്ച വഗേലയുടെ മകനും രണ്ട് തവണ എം.എൽ.എയുമായ മഹേന്ദ്ര സിംഗ് വഗേല കോൺഗ്രസിൽ ചേർന്നിരുന്നു. ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍ പാര്‍ട്ടി ആസ്ഥാനത്ത് 58 കാരനായ വഗേലയെ സ്വാഗതം ചെയ്തു.

2017 ൽ രാജ്യസഭതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഹമ്മദ് പട്ടേലിനെതിരെ വോട്ട് ചെയ്ത ശേഷം വഗേലയും ചില കോൺഗ്രസ് നേതാക്കളും ചേർന്ന് പാർട്ടി വിടുകയായിരുന്നു. വഗേല പിന്നീട് എൻ.സി.പിയിൽ എത്തി. എന്നാൽ 2020 ൽ എൻ.സി.പിയിൽ നിന്നും രാജിവെച്ചു. പിന്നീട് രാഷ്ട്രീയ പാർട്ടികളുടെ ഒന്നും ഭാഗമായിരുന്നില്ല.

വടക്കന്‍ ഗുജറാത്തിലെ ബയാദില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന മഹേന്ദ്രസിങ്, 2017 ആഗസ്റ്റില്‍, നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ട് പിന്നീട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. 2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്ത എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ശങ്കര്‍സിങ് വഗേലയും മകന്‍ മഹേന്ദ്രസിങും ഉള്‍പ്പെട്ടിരുന്നു.