‘ശിശുദിന റാലിയില്‍ കുട്ടികൾക്ക് കാവിക്കൊടി വിതരണം ചെയ്തു’, വയനാട്ടിൽ സിപിഎം- ഡിവൈഎഫ്ഐ പ്രതിഷേധം

കല്‍പ്പറ്റ: 16 ഓളം കുട്ടികള്‍ അണിനിരന്ന ശിശുദിന റാലിയില്‍ കുട്ടികളെ കൊണ്ട് കാവി പതാക പിടിപ്പിച്ചെന്ന് ആരോപണം. പൂതാടി പഞ്ചായത്തിലുള്‍പ്പെട്ട നെല്ലിക്കര 69-ാം നമ്പര്‍ അംഗന്‍വാടി സംഘടിപ്പിച്ച ശിശുദിന പരിപാടിയിലാണ് സംഭവം നടന്നത് . സംഭവത്തിൽ വയനാട് കേണിച്ചിറക്ക് അടുത്ത നെല്ലിക്കരയില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. ശിശുദിനത്തിന്റെ പേരില്‍ പിഞ്ചുകുഞ്ഞുങ്ങളെ പോലും കാവിവല്‍ക്കരണത്തിന്റെ ഭാഗമാക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന് എന്നാണ് പ്രവർത്തകരുടെ ആരോപണം.

റാലിയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പടങ്ങള്‍ക്ക് പുറമെയാണ് കാവിനിറത്തിലുള്ള ഫ്‌ളാഗ് വിതരണം ചെയ്തതെന്നാണ് ആരോപണം. 14-ാം തീയതി വെള്ള വസ്ത്രം ധരിപ്പിച്ച് കുട്ടികളെ അംഗന്‍വാടിയില്‍ എത്തിക്കണമെന്നാണ് ടീച്ചര്‍ അറിയിച്ചിരുന്നത്. എന്നാല്‍ രാവിലെ ടീച്ചര്‍ തയ്യാറാക്കി കൊണ്ടുവന്ന ഫ്‌ളാഗ് കുട്ടികള്‍ക്ക് വിതരണം ചെയ്തുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

ചില കുട്ടികളുടെ അമ്മമാര്‍ കൊടിയുടെ നിറത്തോടുള്ള വിയോജിപ്പ് അറിയിച്ചെങ്കിലും അംഗന്‍വാടി അധികൃതര്‍ ഗൗനിച്ചില്ലെന്നും ആരോപണമുണ്ട്. മറ്റു സ്‌കൂളുകളിലും അംഗന്‍വാടികളിലുമൊക്കെ മറ്റ് നിറങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു കൊടികള്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്നതെങ്കിലും നെല്ലിക്കരയില്‍ മാത്രം കാവിനിറത്തിലുള്ള കൊടികള്‍ നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടര്‍ക്ക് സി.പി.എം പരാതിയും നല്‍കി.

പ്രശ്‌നത്തില്‍ നെല്ലിക്കരയില്‍ വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് നേതാക്കള്‍ വിശദമാക്കി. സംഭവം വിവാദമായെങ്കിലും അംഗന്‍വാടി അധികൃതരുടെ പ്രതികരണമൊന്നും ഇതുവരെയും വിഷയത്തില്‍ ഉണ്ടായിട്ടില്ല.