നാറ്റോ അംഗത്വമുള്ള പോളണ്ടിൽ റഷ്യൻ മിസ്സൈൽ വീണ് രണ്ടു മരണം,നാറ്റോ അടിയന്തിര യോഗം ചേരുന്നു

യുക്രൈൻ : യുക്രൈനുമായുള്ള യുദ്ധത്തിനിടയിൽ യുക്രൈൻ അതിർത്തിയിലെ പോളണ്ടിൽ റഷ്യൻ മിസൈൽ പതിച്ചതിനെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുക്രൈനിന്റെ അതിർത്തിക്കടുത്തുള്ള ഗ്രാമമായ പ്രസെവോഡോവിലാണ് മിസൈൽ പതിച്ചതെന്നാണ് പോളിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുക്രൈൻ യുദ്ധത്തിനിടെ ആദ്യമായി നാറ്റോ അം​ഗത്വമുള്ള രാജ്യത്ത് മിസൈൽ പതിച്ചതിനെ തുടർന്ന് സൈന്യത്തോട് സജ്ജമായിരിക്കാൻ നാറ്റോ നിർദേശം നൽകി.

പോളണ്ടിന്റെ വിദേശകാര്യ മന്ത്രി റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടതായി പോളിഷ് സർക്കാർ ഒരു പ്രസ്താവനയിൽ പറഞ്ഞു. പോളണ്ട് തങ്ങളുടെ സൈന്യത്തെ അതീവ സജ്ജരാക്കിയതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇൻഡോനേഷ്യയിൽ കൂടിയാലോചനകൾക്കായി ഗ്രൂപ്പ് ഓഫ് സെവൻ, നാറ്റോ നേതാക്കളുടെ അടിയന്തര യോഗം ചേർന്നു.സഖ്യത്തിന്റെ 30 അംഗരാജ്യങ്ങളുടെ അടിയന്തര യോഗത്തിൽ നാറ്റോ മേധാവി ഇന്ന് ബ്രസൽസിൽ നടക്കുന്ന യോ​ഗത്തിൽ അധ്യക്ഷത വഹിക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റഷ്യൻ മിസൈലാണെന്ന ആരോപണം റഷ്യൻ പ്രതിരോധ മന്ത്രാലയം തള്ളിക്കളഞ്ഞു.
പോളിഷ് മാധ്യമങ്ങളിൽ പറയുന്ന ചിത്രത്തിൽ കാണുന്നത് റഷ്യൻ നിർമ്മിത ആയുധമല്ല. ഇത് മനപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ നടത്തപ്പെടുന്ന മറ്റ് ഇടപെടലുകളാണെന്നാണ് റഷ്യയുടെ വാദം.