പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടോ? വെറ്ററിനറി വിസിക്ക് നോട്ടീസ് നല്‍കാന്‍ ഗവര്‍ണര്‍

തിരുവനന്തപുരം: പുറത്താക്കാതിരിക്കാന്‍ വിശദീകരണം ചോദിച്ചുകൊണ്ട് വെറ്ററിനറി സര്‍വകലാശാല വിസിക്കും ഗവ‍ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.

യുജിസി മാര്‍ഗ നിര്‍ദേശ പ്രകാരം അല്ല വി സി ഡോ.ശശീന്ദ്രനാഥിന്റെ നിയമനമെന്ന പരാതി ഉയര്‍ന്നിരുന്നു. സേര്‍ച്ച്‌ കമ്മിറ്റിയില്‍ യുജിസി പ്രതിനിധി ഉണ്ടായിരുന്നില്ല എന്നതടക്കം പരാതിയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിന്‍ കമ്മിറ്റി നല്‍കിയത്.

വെറ്ററിനറി വൈസ് ചാന്‍സലര്‍ കൂടി ചേര്‍ത്താല്‍ ഗവര്‍ണ്ണറുടെ നോട്ടീസ് ലഭിച്ച വിസിമാരുടെ എണ്ണം 12 ആകും.അതിനിടെ പുറത്താക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സ്ഥാനത്ത് 15 ദിവസം കൂടി തുടരാന്‍ അനുവദിക്കണം എന്ന് കുഫോസ് വിസി റിജി ജോണ്‍ ആവശ്യപ്പെട്ടു.ഇക്കാര്യ ഉന്നയിച്ച്‌ ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി.

അതേസമയം, ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വൈസ് ചാന്‍സല‍ര്‍ നിയമനത്തില്‍ തെറ്റ് ഉണ്ടെങ്കില്‍ അത് തിരുത്താന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം.