പ്രണയം നടിച്ച് വിദ്യാര്‍ഥിനിയുടെ നഗ്നവിഡിയോ പകര്‍ത്തി കൈമാറി; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

ആറ്റിങ്ങൽ∙ പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന വിഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

പാലച്ചിറ തച്ചോട് പട്ടരുമുക്ക് ആകാശ് ഭവനിൽ നന്ദു എന്ന് വിളിക്കുന്ന ആകാശ് (24) നെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.സ്വകാര്യ ബസ് ഡ്രൈവറായ ആകാശ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വശത്താക്കി നഗ്നവിഡിയോ പകര്‍ത്തി മറ്റുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. തുടര്‍ന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്. ആകാശ് നിരവധി സ്ത്രീകളുമായും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായും ചാറ്റ് ചെയ്തതിന്റെ വിവരങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

പൊലീസ് ഇൻസ്പെക്ടർ സി. സി.പ്രതാപചന്ദ്രൻ, ജൂനിയർ എസ് ഐ സി. ശരത്ത്, പൊലീസുകാരായ ബിനോജ്, അനിൽകുമാർ, ശരത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.