മോഡലിങ്ങിന്റെ മറവിൽ കൊച്ചിയിൽ സെക്സ് റാക്കറ്റ്; പുറത്തുനിന്നും യുവതികളെ എത്തിക്കും

കൊച്ചി ∙ മോഡലിങ്ങിന്റെ മറവിൽ കൊച്ചി കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങളും സജീവം. ഡിജെ, ലഹരിപ്പാർട്ടികളുടെയും ഫാഷൻ ഷോകളുടെയും മറവിലാണ് സെക്സ് റാക്കറ്റുകൾ തഴച്ചുവളരുന്നത്. കാസർകോട് സ്വദേശിനിയായ, 19 വയസ്സുള്ള മോഡൽ കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ ഇത്തരം സംഘങ്ങളുടെ ഇടപെടൽ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

മോഡലിങ്ങിന്റെ പ്രധാന ഹബായി മാറിയ കൊച്ചിയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ യുവതികളെ എത്തിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം. മോഡലിങ് രംഗത്തേക്ക് ആകൃഷ്ടരായി എത്തുന്ന യുവതികളെ ഭീഷണിപ്പെടുത്തിയും മറ്റും പാർട്ടികൾക്കെത്തിച്ച് പലര്‍ക്കായി കൈമാറുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.കാറിൽ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിലും സെക്സ് റാക്കറ്റിന്റെ പങ്ക് കൂടുതൽ ബലപ്പെടുകയാണ്. അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകളിൽനിന്ന് ഇതു സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കേസിലെ ഒരു പ്രതി ഡോളി എന്നറിയപ്പെടുന്ന ഡിംപിൾ ലാംബ കൊച്ചിയിൽ വിവിധയിടങ്ങളിൽ ലഹരി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. കേസിലെ പ്രതികളിലൊരാളായ വിവേകും ഡിംപിളും നേരത്തേ പരിചയക്കാരാണ്. ഇരുവരും ഒരുമിച്ച് യാത്രകൾ നടത്തിയതിന്റെ തെളിവുകളും ലഭിച്ചു. പരാതിക്കാരിക്ക് ഇരുവരെയും അറിയാമായിരുന്നു.

പാർട്ടിക്ക് നിർബന്ധിച്ചു കൊണ്ടുപോയത് ഡിംപിളാണെന്നാണ് പരാതിക്കാരിയുടെ മൊഴി. ഡിംപിളിന്റെ ഇടപാടുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്. നാലു പ്രതികളെയും അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. പ്രതികളെ 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തിരുന്നു.