പെരുമ്പാവൂർ ബവ്റിജസ് ഔട്ട്‍ലെറ്റിനു മുന്നിൽ ലക്കുകെട്ട് അർധ നഗ്നനായിക്കിടക്കുന്ന മധ്യവയസ്കനെ കണ്ടാൽ സർക്കാരിന്റെ കോടികൾ തട്ടിച്ച ജിഎസ്ടി വെട്ടിപ്പു വീരനാണെന്നു പറയുമോ? സ്കൂളിന്റെ പടി പോലും കയറിയിട്ടില്ലാത്ത അയാൾ ഇൻപുട്ട് ടാക്സിൽനിന്നു നാലു കോടിയിലേറെ രൂപ വെട്ടിച്ച കേസിലെ പ്രതിയാണ്! കോഴിയെ വെട്ടുന്നയാൾ, മരക്കടയിൽ തടി എടുത്തു കൊടുക്കുന്നയാൾ, പച്ചക്കറിക്കടയിലെ ബംഗാളി, എന്തിനധികം, ബൈക്കിൽ ചെത്തി നടക്കുന്ന ചുള്ളൻ പയ്യൻമാർ വരെ ജിഎസ്ടി വെട്ടിച്ച കേസുകളിൽ പ്രതികളാണ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ഒഴുകിയിട്ടുള്ളതോ, കോടികളും!
ഇവരാരും പക്ഷേ ഈ നികുതി വെട്ടിപ്പിനെക്കുറിച്ചോ സ്വന്തം അക്കൗണ്ടിലൂടെ പണം കൈമറിഞ്ഞതോ അറിഞ്ഞിട്ടേയില്ല. ബിസിനസിൽ പങ്കാളികളാക്കാം, മാസം തോറും പണം കിട്ടുന്ന മണി ചെയിനിൽ ചേർക്കാം എന്നെല്ലാം പറഞ്ഞ് ചിലർ ആധാറും പാൻകാർഡും വാങ്ങിയതു മാത്രം ഇവർക്ക് ഓർമയുണ്ട്. പല പ്രാവശ്യമായി അയ്യായിരമോ പതിനായിരമോ കിട്ടിയിട്ടുണ്ട് എന്നതൊഴിച്ചാൽ എന്തു ബിസിനസ് നടന്നെന്നോ എങ്ങനെ തട്ടിപ്പു നടന്നെന്നോ ഇവർക്കറിയില്ല. പക്ഷേ സർക്കാരിന്റെ കണക്കിൽ ഇവരെല്ലാം തട്ടിപ്പുകാരാണ്. തട്ടിപ്പിനു വേണ്ടി ജനിച്ചവർ
‘ജിഎസ്ടി തട്ടിപ്പിനു വേണ്ടി ജനിച്ചവൻമാർ’ – കഴിഞ്ഞ ദിവസം നികുതി ഇനത്തിൽ 12 കോടി രൂപ തട്ടിച്ചതിനു സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായ രണ്ടു പേരെക്കുറിച്ച് അന്വേഷണ സംഘത്തിലെ ഒരാളുടെ പ്രതികരണം. പെരുമ്പാവൂർ സ്വദേശികളായ പുലവത്ത് അസർ അലി (27), മാടവന സ്വദേശി റിൻഷാദ് (28) എന്നിവരാണ് ഇടപ്പള്ളിയിൽ മാളിനു സമീപം ഉദ്യോഗസ്ഥരുടെ പിടിയിലായത്. ജിഎസ്ടി അന്വേഷണ സംഘം ഇവരുടെ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയതിനു പിന്നാലെ മുങ്ങിയ അസറും റിൻഷാദും പലയിടത്തും ഒളിവിൽ കഴിഞ്ഞെങ്കിലും അപ്രതീക്ഷിതമായി അന്വേഷണ സംഘത്തിനു മുന്നിൽ വന്നു പെടുകയായിരുന്നു. ഏതാനും മാസങ്ങളായി ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ഇവർക്കു പിന്നാലെയുണ്ടായിരുന്നതാണ് പ്രതികളെ വലയിലാക്കിയത്. പൊലീസ് വരുംപോലെ ജിഎസ്ടിക്കാർ പിന്നാലെ വന്നു പിടികൂടില്ലെന്ന അമിത ആത്മവിശ്വാസമാണ് ഇവരെ കുടുക്കിയത്. ജിഎസ്ടി എറണാകുളം ഡപ്യൂട്ടി കമ്മിഷണർ ഐബി ജോൺസൺ ചാക്കോയുടെ നേതൃത്വത്തിൽ സംസ്ഥാന നികുതി ഓഫിസർ സി.ജി. അരവിന്ദ്, സംസ്ഥാന അസിസ്റ്റന്റ് നികുതി ഓഫിസർമാരായ ടി.ജെ. വിനോദ്, ടി.എസ്. അഭിലാഷ്, അനീഷ്, മഹേഷ് കുമാർ, രഹന കെ. മജീദ്, സിന്ധു ആർ. നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
∙ തട്ടിപ്പുകൾക്കു പിന്നിലെ മാസ്റ്റർമൈൻഡ്
ഇത്രയും വലിയ തട്ടിപ്പിന് ഇവർക്കു മുകളിൽ ഒരു മാസ്റ്റർ മൈൻഡ് ഉണ്ടെന്ന് ഉറപ്പിച്ചു പറയുകയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും. പ്രതികളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്താൽ ആരൊക്കെയാണ് ഈ തട്ടിപ്പിനു പിന്നിലെന്നതിന്റെ ചുരുളഴിയും. അടുത്ത ദിവസം കസ്റ്റഡി അപേക്ഷ നൽകുമെന്നും അന്വേഷണ സംഘം പറയുന്നു. ഇത്തരത്തിൽ അടയ്ക്ക വ്യാപാരത്തിൽ മാത്രം 200 കോടിയുടെ തട്ടിപ്പ് സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്ലൈവുഡ്, ആക്രി മേഖലയിലാണ് പിന്നെ ഏറ്റവുമധികം തട്ടിപ്പ്. മലപ്പുറം സ്വദേശി ബനീഷ് ബാവ എന്നയാളായിരുന്നു അടയ്ക്കാ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടു പിടിയിലായത്. കൊക്കോ, കുരുമുളക്, കശുവണ്ടി വ്യാപാരങ്ങളുടെ മറവിലും നികുതി തട്ടിപ്പു കണ്ടെത്തി. ഇടപ്പള്ളിയിൽ പിടിയിലായ സംഘം 250 കോടി രൂപയിലേറെ വിലവരുന്ന ആക്രി സാധനങ്ങൾ കൈമാറിയെന്നു കാണിച്ച് ഇൻപുട്ട് ക്രഡിറ്റ് സ്വരൂപിച്ചായിരുന്നു തട്ടിപ്പു നടത്തിയത്.
∙ തട്ടിപ്പിന്റെ വഴി
മറ്റൊരു സംസ്ഥാനത്തുനിന്ന് സാധനം വാങ്ങുമ്പോൾ ഐജിഎസ്ടിയാണ്(ഇന്റഗ്രേറ്റഡ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ്) അടയ്ക്കേണ്ടത്. അവിടെ അടയ്ക്കുന്ന ഐജിഎസ്‍ടി തുക ഇവിടെ ക്രെഡിറ്റായി എടുക്കാം. ഐജിഎസ്ടി അടച്ചശേഷം വേണം ഇതെന്നു കൃത്യമായ നിബന്ധനയുണ്ട്. ഒപ്പം ചരക്കു വന്നിരിക്കണം, ബില്ല് ഇഷ്യു ചെയ്തിരിക്കണം തുടങ്ങിയ മാനദണ്ഡങ്ങളും.
ഇതേ സാധനങ്ങൾ കേരളത്തിൽത്തന്നെ രണ്ടു ബിസിനസ് നടത്തുകയാണെങ്കിൽ സിജിഎസ്ടിയും എസ്ജിഎസ്ടിയും അടയ്ക്കണം. ഐജിഎസ്ടിയായി വരുന്ന ക്രെഡിറ്റ് ഇൻപുട്ടായി എടുത്ത് മറ്റു കച്ചവടങ്ങളിൽ സെറ്റ് ഓഫ് ചെയ്താണ് ഇവരുടെ തട്ടിപ്പ്.
ഇതിനായി പ്രതികൾ നാലു പേരിൽനിന്ന് അവരുടെ പാൻകാർഡ്, ആധാർ കാർഡ് എന്നിവ ശേഖരിക്കുന്നു. ഇതുപയോഗിച്ചു സിംകാർഡ്, ബാങ്ക് അക്കൗണ്ട്, ചെക്ക് ലീഫ് എന്നിവ കൈക്കലാക്കും. കള്ളത്തരങ്ങൾ പറഞ്ഞാണ് ഇവരിൽനിന്നു രേഖകൾ വാങ്ങുന്നത്. ബിസിനസിൽ പങ്കാളികളാക്കാം എന്നതാവും പലപ്പോഴും വാഗ്ദാനം. നിങ്ങൾ ബിസിനസിന്റെ നിശബ്ദ പങ്കാളിയാണെന്നും കൃത്യമായി പണം ലഭിക്കുമെന്നും പറയുമ്പോൾ സാധാരണക്കാർ വിശ്വസിക്കും. ആദ്യത്തെ കുറച്ചു തവണ അതു ലഭിക്കുകയും ചെയ്യുന്നതോടെ ഇവർ തൃപ്തരാകും.
ബിസിനസ് തുടങ്ങുന്നതിന് ഒരു സ്ഥലം വേണം. ഓഫിസ് വാടകയ്ക്കെന്ന പരസ്യങ്ങൾ ഒഎൽഎക്സിലൊ വഴിയരികിലോ നൽകുന്നവരാണ് ഇക്കാര്യത്തിൽ ഇരകളാക്കപ്പെടുക. മുറി ഉടമയെ കണ്ട് അഡ്വാൻസും രണ്ടു മാസത്തെ വാടകയും കൂടി കൊടുക്കുന്നതോടെ വിശ്വാസം ആർജിക്കും. വാടകക്കരാറിനായി ഇവരുടെ നികുതിച്ചീട്ട് ഉൾപ്പെടെയുള്ള രേഖകൾ വാങ്ങി വാടകച്ചീട്ട് ഉണ്ടാക്കി ഇവർതന്നെ ഒപ്പിട്ട് ജിഎസ്ടിക്ക് അപേക്ഷിക്കുന്നതാണ് പതിവ്കടത്തി വെട്ടാൻ ചരക്കു നീക്കുന്നതായി ഇവർ കാണിക്കുന്നത് ശരിക്കും ചരക്കുമായി പോകുന്ന മറ്റേതെങ്കിലും വാഹനത്തിന്റെ നമ്പരായിരിക്കും. ഇതും അന്വേഷണ സംഘത്തെ വെട്ടിലാക്കും. സംസ്ഥാനത്തിന് അകത്താണെങ്കിൽ പാലിയേക്കര ടോൾ പ്ലാസ മാത്രമാണ് ആശ്രയം. അതിന് ഇപ്പുറത്തോ അപ്പുറത്തോ ആണെങ്കിൽ അതും സാധ്യമല്ലാതെയാകും.
∙ ഒരു റജിസ്ട്രേഷൻ പോലുമില്ലാത്ത ഇടപാടുകാർ
പെരുമ്പാവൂരിൽ തട്ടിപ്പു നടത്തി പിടിയിലായ അസർ അലിക്കും റിൻഷാദിനും ഒരു ജിഎസ്ടി റജിസ്ട്രേഷൻ പോലുമില്ല എന്നറിയുമ്പോഴാണ് എത്രത്തോളം മുൻകൂട്ടി തയാറാക്കിയ തിരക്കഥയിലാണ് കാര്യങ്ങൾ നടക്കുന്നത് എന്നു വ്യക്തമാകുക. ജിഎസ്ടി അടവ് മുടങ്ങുന്നതു ശ്രദ്ധയിൽ പെടുന്നതോടെ അന്വേഷണവുമായി ഉദ്യോഗസ്ഥർ എത്തുമ്പോഴാണ് മുറി വാടകയ്ക്കു നൽകിയവരും ബിസിനസ് പങ്കാളികളെന്ന് അഭിമാനിച്ചു പണം വാങ്ങിയവരും വിവരം അറിയുക. മുറി നൽകി ആറു മാസം കഴിഞ്ഞും വാടക കിട്ടാതെ വരുമ്പോഴായിരിക്കും മിക്ക ഉടമകളും അന്വേഷിക്കുക. ഈ സമയത്തിനകം അവർ ഒരു കാർട്ടൽ ഉപയോഗിച്ചുള്ള തട്ടിപ്പു പൂർത്തിയാക്കി മറ്റൊരു ഇടം ഇതിനായി കണ്ടെത്തിയിട്ടുണ്ടാകും.നൽകിയാൽ മതിയെന്നു പറഞ്ഞത് വിശ്വസിച്ചാണ് പലരും കാർഡ് നൽകിയത്. ഇയാൾ പരിചയപ്പെടുത്തി അടുത്തയാൾ, അയാൾ പരിചയപ്പെടുത്തി അടുത്തയാൾ… അങ്ങനെ ശൃംഖല വലുതാക്കിയാണ് തട്ടിപ്പു നടത്തിയത്. പെരുമ്പാവൂരിലെത്തിയ ഇതര സംസ്ഥാനക്കാരനെ വരെ ഇവർ വലയിലാക്കി. കോഴിക്കടയിൽ ജോലിക്കു നിന്നയാൾക്ക് അയ്യായിരം രൂപയുടെ ഫോൺ വാങ്ങി നൽകിയായിരുന്നു പ്രലോഭിപ്പിച്ച് ആധാർ, പാൻ കാർഡുകൾ സംഘടിപ്പിച്ചത്. രേഖകൾ തട്ടിയെടുത്തു നൽകുന്നതിനു പണം നൽകി ആളുകളെ വരെ ഇവർ നിയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്കൂട്ടുകാർ അടിച്ചു പൊളിച്ചു ജീവിക്കുന്നതു കാണുമ്പോൾ അവൻ എങ്ങനെ പൈസക്കാരനായി എന്നറിയാൻ സുഹൃത്തുക്കൾക്കു താൽപര്യമുണ്ടാകും. മണി ചെയിൻ പോലെ എന്തോ ബിസിനസ്. അതിൽനിന്നു പണമൊഴുകുന്നു എന്നു മാത്രമാണ് അവർക്കും അറിയുക. ആഡംബര വാഹനങ്ങളിലെ കറക്കവും ഉയർന്ന ഹോട്ടലുകളിലെ ഭക്ഷണവും പോക്കറ്റു നിറയെ പണവും കാണുമ്പോൾ കൂട്ടുകാരും പ്രലോഭിപ്പിക്കപ്പെടുക സ്വാഭാവികം. ഇത്തരത്തിലും ഇരകളെ കണ്ടെത്തുന്നതും സംഘത്തിന്റെ രീതിയാണ്.
∙ ഡീലർ ഫ്രണ്ട്‍ലി പോർട്ടൽ; കൈകാര്യം ചെയ്യാനും എളുപ്പം
ജിഎസ്ടി ഫയലിങ് ഏതോ ബാലികേറാമലയായി പറഞ്ഞു വച്ചിരിക്കുന്നത് കുറെ കൺസൽറ്റന്റുമാരാണ് എന്നാണ് ഉദ്യോഗസ്ഥരുടെ വാദം. പ്രതിമാസ റിട്ടേൺ ഫയലിങ് വളരെ എളുപ്പം ചെയ്യാവുന്നതാണ്. ഒരു പ്ലസ്ടുക്കാരന് വളരെ എളുപ്പം ചെയ്യാവുന്ന കാര്യം മാത്രമെന്ന് ജിഎസ്ടി മേഖലയിലുള്ളവർ പറയുന്നു. നേരത്തേ സെൻട്രൽ എക്സൈസ് പിടികൂടിയ ഒരു കേസിൽ, ബിരുദം പോലുമില്ലാത്ത ഒരാൾ ഒറ്റമുറിയിൽ 200 അക്കൗണ്ടുകളാണ് കൈകാര്യം ചെയ്തിരുന്നത്. ഒരു ലാപ്ടോപ്പും ഇന്റർനെറ്റ് കണക്‌ഷനും ഉപയോഗിച്ചാണ് വിവിധ സംസ്ഥാനങ്ങളുടെ ജിഎസ്ടി കൈകാര്യം ചെയ്തിരുന്നത്. അത്രയേറെ യൂസർ ഫ്രണ്ട്‍ലിയാണ് ജിഎസ്ടി പോർട്ടർ. സ്വന്തമായി ചെയ്യാൻ മനസ്സുള്ള ഒരു ഡീലർക്ക് യുട്യൂബിൽ വിഡിയോ നോക്കി പഠിച്ച് ചെയ്യാനുള്ളതു മാത്രമേ ഉള്ളൂ ജിഎസ്ടി ഫയലിങ് എന്നും അദ്ദേഹം പറയുന്നു.
∙ ബോധവൽക്കരണം അനിവാര്യം
സ്വന്തം രേഖകൾ ആർക്കും എപ്പോഴും എടുത്തു കൊടുക്കുന്ന ‘വിശാല മനസ്സ്’ ആർക്കും ഉണ്ടാകരുതെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. ഇത്തരത്തിലുള്ള തട്ടിപ്പുകളെ കുറിച്ചു ജനങ്ങൾ ബോധവാൻമാരാകേണ്ടതിന്റെ ആവശ്യമാണു പുറത്തു വരുന്നത്. ഏറ്റവും അടുത്ത ബന്ധുക്കൾക്കു പോലും സ്വകാര്യ രേഖകൾ കൈമാറുന്നത് വലിയ അബദ്ധത്തിലേക്കു കൊണ്ടെത്തിക്കും. ഇക്കാര്യത്തിൽ സമൂഹമാധ്യമങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും വ്യാപക പ്രചാരണം ആവശ്യമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു