വാക്പോരിനിടെ സെൽഫി; പരസ്പരം ‘ട്രോളി’ കെ. സുരേന്ദ്രനും സന്ദീപാനന്ദഗിരിയും

തിരുവനന്തപുരം∙ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച സംഭവുമായി ബന്ധപ്പെട്ട വാക്പോരുകൾക്കിടെ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനൊപ്പമുള്ള സെല്‍ഫിയുമായി സ്വാമി സന്ദീപാനന്ദഗിരി. തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലിന്റെ ഉദ്ഘാടനത്തിനിടെ എടുത്ത ചിത്രമാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. ചിത്രത്തിനൊപ്പം

‘‘സ്നേഹിക്ക, യുണ്ണീ നീ നിന്നെ

ദ്രോഹിക്കുന്ന ജനത്തെയും;

ദ്രോഹം ദ്വേഷത്തെ നീക്കിടാ

സ്നേഹം നീക്കീടു, മോര്‍ക്ക നീ’’ – എന്നും കുറിച്ചിട്ടുണ്ട്.

ഇതിനു പിന്നാലെ പ്രതികരണവുമായി കെ.സുരേന്ദ്രനും രംഗത്തെത്തി. ‘‘ഒരു പൊതു ചടങ്ങിനിടെ ഒരാൾ ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെൽഫി അയാൾ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യം’’– എന്ന കുറിപ്പിനൊപ്പം ‘ജഡിലോമുണ്ഡീ ലുഞ്ജിതകേശാ, ഉദരനിമിത്തം ബഹുകൃതവേഷം’’ എന്ന ശ്ലോകവും അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.

സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച സംഭവത്തിലെ പുതിയ വഴിത്തിരിവിനെ പരിഹസിച്ച് കെ.സുരേന്ദ്രന്‍ പോസ്റ്റിട്ടതാണ് ഇരുവരും തമ്മിലുള്ള വാക്പോരിനു തുടക്കമിട്ടത്. നാലര വർഷത്തിനു ശേഷം കേസിൽ പുതിയ വഴിത്തിരിവുണ്ടായതിനെ ‘ട്രോളിയ’ കെ.സുരേന്ദ്രൻ, വന്ദനം സിനിമയിൽ മൃതദേഹം സൈക്കിളിനു പിന്നിലിരുത്തി ചവിട്ടുന്ന ജഗദീഷിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.

‘ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പൊലീസ്’ എന്ന വാചകവും ചിത്രത്തിലുണ്ടായിരുന്നു. ഇതിനെ വിമർശിച്ച സന്ദീപാനന്ദഗിരി, ‘സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ് എത്രമാത്രം മലീമസമാണ്’’ എന്ന് ഫെയ്സ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ പ്രകാശും കുണ്ടമൺകടവിലെ കൂട്ടാളികളും ചേർന്നാണ് ആശ്രമത്തിൽ തീവച്ചതെന്നായിരുന്നു വെളിപ്പെടുത്തൽ. പ്രകാശിന്റെ മൂത്ത സഹോദരൻ പ്രശാന്ത് ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.