പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ‌ഡ്രോണ്‍ , വെടിവച്ചിട്ട് എന്‍എസ് ജി , ഒരാള്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഗുജറാത്തില്‍ തിര‌ഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേര്‍ക്ക് ഡ്രോണ്‍ പറന്നെത്തിയതായി റിപ്പോര്‍ട്ട്. ബല്‍വയില്‍ മോദി പങ്കെടുത്ത റാലിക്കിടെയാണ് സംഭവം. ഡ്രോണ്‍ എന്‍.എസ്.ജി ഉദ്യോഗസ്ഥന്‍ വെടിവച്ചിട്ടതിനെ തുടര്‍ന്നാണ് വിവരം പുറത്തുവന്നത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനാണ് മോദി ഗുജറാത്തില്‍ എത്തിയത്. വ്യാഴാഴ്ച ഗുജറാത്തില്‍ നടന്ന നാലുറാലികളിലാണ് മോദി പങ്കെടുത്തത്. പാലന്‍പുര്‍, മൊഡാസ, ദാഹെഗാം, ബല്‍വ എന്നീ മേഖലകളിലായിരുന്നു റാലികള്‍ സംഘടിപ്പിച്ചിരുന്നത്.

സുരക്ഷാ വീഴ്ചയില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ഡ്രോണില്‍ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് പൊലീസ് അറിയിച്ചത്. അതേസമയം നിരോധിത മേഖലിയില്‍ ഡ്രോണ്‍ എങ്ങനെ പറന്നുവന്നു എന്നതിനെക്കുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.