തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ സമരസമിതി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധശ്രമം ചുമത്താതെ എഫ്ഐആർ. ഇതോടെ സേനയിൽ അമർഷം പുകയുകയാണ്. വധശ്രമം ചുമത്തി റിപ്പോർട്ട് കോടതിയിൽ നൽകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നുണ്ട് . എന്നാൽ സർക്കാർ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്.
സമര സമിതിയുടെ ആക്രമണത്തിൽ 36 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. താബൂക്ക് കൊണ്ട് കാലിന് ഇടിയേറ്റ എസ് ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണ്. സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്ഐആർ. കസ്റ്റഡിയിൽ എടുത്തവരെ വിട്ടുകിട്ടിയില്ലെങ്കിൽ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി.
കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞു.വാഹനങ്ങൾ തകർത്തു. 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയവയാണ് എഫ് ഐ ആറിൽ വ്യക്തമാക്കിയിരിക്കുന്നത്.എന്നിട്ടും വധശ്രമത്തിന് കേസെടുക്കാത്തതിലാണ് പൊലീസുകാർക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമായത്.